തൊടുപുഴ: പൊതു മേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് ബാങ്കിംഗ് മേഖലയിലെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കിൽ സാമ്പത്തിക രംഗം നിശ്ചലമായി. ചെക്ക് ക്ലിയറിങ്ങ് നിശ്ചലമായി. രണ്ടാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും ഉൾപ്പടെ നാലാം ദിവസവും തുടർച്ചയായി ബാങ്കുകൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് പലയിടത്തും എ.ടി.എം.സംവിധാനവും നിശ്ചലമായി. ജില്ലയിൽ പണിമുടക്ക് പൂർണ്ണമായിരുന്നു. തൊടുപുഴയിൽ ന്യൂ ജനറേഷൻ ബാങ്കുകളടക്കം മുഴുവൻ ബാങ്കുകളും അടഞ്ഞുകിടന്നു.

പണിമുടക്കിയ ജീവനക്കാർ തൊടുപുഴ കനറാ ബാങ്കിനു മുന്നിൽ പ്രതിഷേധയോഗം ചേർന്നു. യോഗം ബെഫി സംസ്ഥാന സെക്രട്ടറി സനിൽ ബാബു ഉദ്ഘാടനം ചെയ്തു. തുടർന്ന് ജീവനക്കാർ നടത്തിയ പ്രതിഷേധ റാലി തൊടുപുഴ എസ്. ബി. ഐ മെയിൻ ബ്രാഞ്ചിനു മുന്നിൽ സമാപിച്ചു. ധർണ്ണയിൽ യു. എഫ്.ബി.യു. ജില്ലാ കൺവീനർ നഹാസ് പി. സലിം അദ്ധ്യക്ഷത വഹിച്ചു. കെ.ഐ.ആന്റണി (പ്രസിഡന്റ്, തൊടുപുഴ കാർഷിക വികസന ബാങ്ക്) സുർജി തരകൻ(എൻ.സി.ബി.ഇ.), കുര്യാച്ചൻ മനയാനി (എ.ഐ.ബി.ഒ.സി.) എബിൻ ജോസ് (എ.ഐ.ബി.ഇ.എ.) എന്നിവർ സംസാരിച്ചു. സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഐക്യവേദിയായ എഫ്.എസ്.ഇ.റ്റി.ഒ. പ്രകടനമായെത്തി ധർണ്ണയെ അഭിവാദ്യം ചെയ്തു. എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി സി.എസ്.മഹേഷ്, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ടി.എം. ഹാജിറ എന്നിവർ സംസാരിച്ചു.