ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ജീവനക്കാർ പോസ്റ്റൽ ബാലറ്റ് മുഖാന്തിരം വോട്ട് രേഖപ്പെടുത്തുന്നതിന് മുൻവർഷങ്ങളിലെ പോലെ ഫോറം നം. 12 ൽ തങ്ങളുടെ ഡ്യൂട്ടി ഉത്തരവ് പകർപ്പ് സഹിതം ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ ആവശ്യത്തിലേക്ക് ഫോറം നം. 12 ഡി യിലാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്നും ഇപ്രകാരം അപേക്ഷ സമർപ്പിക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക പോസ്റ്റൽ വോട്ടിംഗ് സെന്ററുകൾ തയ്യാറാക്കിയിട്ടുണ്ടെന്നുമുളള തെറ്റായ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചു വരുന്നുണ്ട്. ഇലക്ഷൻ കമ്മീഷൻ അവശ്യ സർവീസായി പ്രഖ്യാപിച്ചിട്ടുളള ചില വകുപ്പുകളിലെയും ഏജൻസികളിലെയും ജീവനക്കാർക്ക് മാത്രമാണ് പ്രത്യേക പോസ്റ്റൽ വോട്ടിംഗ് സെന്റർ ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുളളത്. ഇലക്ഷൻ ഡ്യൂട്ടിക്ക് നിയമനം കിട്ടിയ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് നിയമന ഉത്തരവിനോടൊപ്പം തെറ്റായി ഫോറം 12 ഡി ലഭിച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട താലൂക്ക് ഓഫീസിലെ തിരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെട്ട് ഫോറം 12ലുളള അപേക്ഷാ ഫോറം വാങ്ങി അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ നോഡൽ ഓഫീസർ കൂടിയായ എഡിഎം അറിയിച്ചു. ജീവനക്കാർ വകുപ്പിലെ നോഡൽ ഓഫീസർമാർ സാക്ഷ്യപ്പെടുത്തി അപേക്ഷ 17നകം ബന്ധപ്പെട്ട വരണാധികാരികൾക്കു നൽകണം.