ഇടുക്കി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ സൗജന്യമായി ലഭിക്കും.

കെസ്രു പദ്ധതി പ്രകാരം 1,00,000 രൂപയാണ് പരമാവധി വായ്പ തുക. വായ്പയുടെ 20 ശതമാനം സബ്‌സിഡി ലഭിക്കും. പ്രായ പരിധി 21നും 50നും മദ്ധ്യെ, കുടുംബ വാർഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത്. വായ്പ ജില്ലയിലെ ബാങ്കുകൾ വഴിയാണ് വിതരണം ചെയ്യുന്നത്.മൾട്ടിപർപ്പസ് സർവ്വീസ് സെന്റേഴ്‌സ്/ജോബ് ക്ലബ് സ്വയം തൊഴിൽ പദ്ധതി പ്രകാരം രണ്ടോ അതിലധികമോ പേർ ചേർന്ന് (പരമാവധി 5 പേർ) കൃഷി, വ്യവസായം, ബിസിനസ്സ്, സേവന മേഖലകളിൽ സംയുക്ത സംരംഭങ്ങൾ ആരംഭിക്കാം. പരമാവധി വായ്പ പത്തുലക്ഷം . പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി രണ്ടു ലക്ഷം രൂപ) സബ്‌സിഡി ലഭിക്കും.ഗുണഭോക്തൃ വിഹിതം പദ്ധതി ചെലവിന്റെ 10 ശതമാനം ആയിരിക്കും. കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത്. പ്രായപരിധി 21-45. പട്ടികജാതി/ പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് 5 വർഷത്തേയും മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് 3 വർഷത്തേയും ഇളവ് അനുവദിക്കും.

നവജീവൻ സ്വയം തൊഴിൽ പദ്ധതി പ്രകാരം 50-65 പ്രായപരിധിക്കുളളിലുളള മുതിർന്ന പൗരൻമാർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി 25 ശതമാനം സബ്‌സിഡിയോടുകൂടി 50,000 രൂപ വരെ ബാങ്ക് മുഖേന വായ്പ അനുവദിക്കും. വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടുക.