തൊടുപുഴ: കഴിഞ്ഞ അഞ്ചു വർഷക്കാലം സമാനതകളില്ലാത്ത വികസനം നടപ്പാക്കി സമസ്ത മേഖലകളിലും ജനക്ഷേമകരമായ ഭരണം കാഴ്ചവച്ച പിണറായി വിജയൻ സർക്കാരിനുള്ള അംഗീകാരമായി കേരളം തുടർഭരണം നൽകി ചരിത്രം തിരുത്തിക്കുറിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു.വെള്ളിയാമറ്റത്ത് എൽ.ഡി.എഫ് സ്ഥാനാർഥി പ്രൊഫ, കെ ഐ ആന്റണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തുടർഭരണ സാദ്ധ്യത ഇല്ലാതാക്കാൻ ബിജെപിയും കോൺഗ്രസും കിണഞ്ഞു പരിശ്രമിക്കുകയാണ്. കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രധാന ശത്രു സിപിഎമ്മാണ്. കോൺഗ്രസ് ബിജെപിയോട് കാണിക്കുന്ന മൃദുസമീപനം ഭൂരിപക്ഷ വർഗീയത ശക്തിപ്പെടുത്താനും ന്യൂനപക്ഷ വർഗീയത ആളിപ്പടരാനും ഇടയാക്കും. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കർഷകദ്രോഹ നടപടികൾ അനുവർത്തിക്കുന്നതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കാൻ മുഖ്യപ്രതിപക്ഷകക്ഷിയായ കോൺഗ്രസിന് കഴിയാത്തവിധം ആ പാർട്ടി ദുർബലമായി മാറിയിരിക്കുകയാണ്. കബീർ കാസിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥാനാർഥി പ്രൊഫ.കെ.ഐ ആന്റണി നേതാക്കളായ വി.വി മത്തായി, ടി കെ ശിവൻ നായർ, കെ എസ് ജോൺ,പി.ജി വിജയൻ, ജോസ് കവിയിൽ, എം ജെ ജോൺസൺ, ജി ബാബു, എം.ഐ ശശി, സി പി ഗംഗാധരൻ, ജോസി വേളാഞ്ചേരി, ലാലി ജോസി, തുടങ്ങിയവർ പ്രസംഗിച്ചു, മണക്കാട് കൺവെൻഷൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി ഉദ്ഘാടനം ചെയ്തു. കരിങ്കുന്നം മണ്ഡലം കൺവെൻഷൻ സിപിഐ സംസ്ഥാന കൗൺസിൽ അംഗം അംഗം കെ സലിം കുമാറും പുറപ്പുഴ മണ്ഡലം കൺവെൻഷൻ ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് അഗസ്റ്റിനും ഉദ്ഘാടനം ചെയ്തു.