തൊടുപുഴ: ഉടുമ്പൻചോല നിയോജക മണ്ഡലം ബി.ഡി.ജെ.എസിന് വിട്ട് നൽകാൻ എൻ.ഡി.എ യോഗത്തിൽ തീരുമാനമായതോടെ സ്ഥാനാർത്ഥി സന്തോഷ് മാധവൻ പ്രചാരണം ആരംഭിച്ചു. സംസ്ഥാന തലത്തിൽ നടന്ന യോഗത്തിലാണ് കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സരിച്ച സീറ്റ് ഇത്തവണയും അവർക്ക് തന്നെ നൽകാൻ തീരുമാനിച്ചതെന്ന് എൻ.ഡി.എ ജില്ലാ ചെയർമാൻ കെ.എസ്. അജി പറഞ്ഞു. സീറ്റിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി സന്തോഷ് മാധവനെ ശനിയാഴ്ച വൈകിട്ട് പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച വന്ന ബി.ജെ.പിയുടെ കേന്ദ്ര ലിസ്റ്റിൽ സ്ഥാനാർത്ഥിയായി മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് രമ്യ രവീന്ദ്രനെയും പ്രഖ്യാപിച്ചു. പിന്നാലെ നടത്തിയ ചർച്ചയിലാണ് സീറ്റ് എൻ.ഡി.എ ഘടക കക്ഷിയായ ബി.ഡി.ജെ.എസിന് തന്നെ നൽകികൊണ്ട് തീരുമാനം വരുന്നത്. ഇതിന് പിന്നാലെ സന്തോഷ് മാധവൻ മണ്ഡലത്തിൽ പ്രചരണവും തുടങ്ങി. താൻ പിൻവാങ്ങുന്നതായും സന്തോഷ് മാധവന് എല്ലാം വിജയാശംസകൾ നേരുന്നതായും രമ്യാ രവീന്ദ്രൻ ഫേസ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സാങ്കേതികമായി വന്ന പ്രശ്‌നമാണ് ഇത്തരത്തിൽ സീറ്റ് പ്രഖ്യാപത്തിന് ഇടയാക്കിയതെന്നും തന്റെ പേര് ലിസ്റ്റിൽ ഇടംപിടിച്ചതിൽ തന്നെ വലിയ അഭിമാനമുണ്ടെന്നും പാർട്ടി തീരുമാനത്തിന് എല്ലാ പിന്തുണയും നൽകുന്നതായും അവർ പറഞ്ഞു.