തൊടുപുഴ : സംസ്ഥാനത്തിന്റെ വികസനത്തിന് ഉതകുന്ന പുതിയ ഒരൊറ്റ വൻകിട പദ്ധതി പോലും ആവിഷ്‌ക്കരിച്ച് നടപ്പാക്കാൻ കഴിയാത്ത എൽ.ഡി.എഫ്. സർക്കാർ വികസന രംഗത്ത് കേരളത്തെ ബഹുദൂരം പിന്നോട്ടടിച്ചെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാർത്ഥി പി.ജെ.ജോസഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിനു ശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.സി. യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം മേളയാക്കി നടത്തിയ സർക്കാരാണിത്. പാവങ്ങൾക്ക് വീടു വച്ചുകൊടുക്കാൻ എന്ന പേരിൽ കൊണ്ടുവന്ന ലൈഫ് പദ്ധതിയുടെ മറവിലും നടന്നത് കൈക്കൂലിയും കൊള്ളയുമാണ്. പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ ജനത്തെ കൊള്ളയടിക്കുമ്പോൾ അതിന്റെ പങ്കു പറ്റി ജനത്തെ കബളിപ്പിക്കുകയാണ് എൽഡി.എഫ്. സർക്കാർ ചെയ്യുന്നത്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ ജനത്തെ ബുദ്ധിമുട്ടിക്കാതെ വില വർദ്ധനവിലൂടെ ലഭിക്കുന്ന 619 കോടിയുടെ അധിക വരുമാനം വേണ്ടെന്ന് വയ്ക്കുകയാണ് ചെയ്തത്. പക്ഷെ ഇടതു സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനങ്ങൾക്ക് അത്തരമൊരു ആശ്വാസം നൽകാൻ അവർ തയ്യാറായില്ലെന്നും ഡീൻ കുറ്റപ്പെടുത്തി. യോഗത്തിൽ അഡ്വ. എസ്. അശോകൻ, ജോൺ നെടിയപാല, പ്രൊഫ. എം.ജെ.ജേക്കബ്, എം.എസ്.മുഹമ്മദ്, പി.എൻ. സീതി, കെ. സുരേഷ്ബാബു, ജാഫർഖാൻ മുഹമ്മദ്, എൻ.ഐ. ബെന്നി, ജിയോ മാത്യു, ഷാഹുൽ പള്ളത്തുപറമ്പിൽ, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ് എന്നിവർ പങ്കെടുത്തു.