തൊടുപുഴ: മീനച്ചൂടിനെ വെല്ലുന്ന പ്രചാരണച്ചൂടുമായി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികൾ പ്രചാരണം ആരംഭിച്ചു. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും ഒന്നിനൊന്ന് മികച്ച സ്ഥാനാർത്ഥികളെയാണ് ഓരോ മണ്ഡലത്തിലും കളത്തിലിറക്കിയിരിക്കുന്നത്. തന്ത്രങ്ങൾ മെനഞ്ഞും കൊണ്ടും കൊടുത്തുമാണ് മുന്നേറ്റം. ജില്ലയിൽ 15 പേരാണ് പോർക്കളത്തിലെ പ്രധാന എതിരാളികൾ. വ്യക്തിബന്ധങ്ങൾ പുതുക്കി ആരംഭിച്ച പ്രചാരണം മണ്ഡല പര്യടനത്തിലേയ്ക്ക് നീങ്ങിയതോടെ മുന്നണികൾ പുത്തൻ തന്ത്രങ്ങൾ ഒരുക്കുകയാണ്. ജില്ലയിൽ നിലവിൽ തൊടുപുഴ മണ്ഡലത്തിൽ മാത്രമാണ് യു.ഡി.എഫിന് എം.എൽ.എയുള്ളത്. ബാക്കി നാലിലും എൽ.ഡി.എഫാണ് ഭരിക്കുന്നത്. ഇത് നിലനിറുത്താനും തൊടുപുഴ കൂടി പിടിച്ചെടുക്കാനുമാണ് എൽ.ഡി.എഫ് ശ്രമം. സ്ഥാനാർത്ഥികളെ നേരത്തെ നിശ്ചയിച്ചതിന്റെ പിൻബലത്തിൽ കൺവെൻഷനുകളുമായി അവർ പ്രചരണത്തിൽ മുന്നേറുകയാണ്. എന്നാൽ അഞ്ച് സീറ്റും പിടിച്ചെടുക്കുമെന്ന വാശിയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. മണ്ഡലങ്ങളിൽ നിയോജകമണ്ഡലം കോ-ഓർഡിനേറ്റർമാരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൊവിഡ് മുക്തനായ പി.ജെ. ജോസഫ് നാളെ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതോടെ യു.ഡി.എഫ് പ്രവർത്തകർ കൂടുതൽ ആവേശത്തിലാകും.