ചെറുതോണി: പ്രളയത്തിൽ തകർന്ന പൈനാവ് താന്നിക്കണ്ടം മണിയാറൻകുടി അശോക റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മണിയാറൻകുടിയിൽ പുതുതായി സ്ഥാപിച്ച ടാർ മിക്‌സിംഗ് പ്ലാന്റ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഇന്ന് മുതൽ പൊളിച്ചു നീക്കം ചെയ്തു തുടങ്ങുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. പ്ലാന്റ് സ്ഥിരമായി നിലനിൽക്കുമോ എന്നത് സംബന്ധിച്ച് പ്രദേശവാസികളായ നാട്ടുകാരിൽ ചിലർക്ക് ആശങ്കയുണ്ടായ സാഹചര്യത്തിൽ കളക്ടർക്ക് ഫെബ്രുവരി 5 ന് എംഎൽഎ കത്ത് നൽകിയിരുന്നു. തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരിൽ നിന്നും പ്ലാന്റ് സംബന്ധമായ വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സമര സമിതി അംഗങ്ങളുടേയും മീറ്റിംഗ് വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു. വസ്തുതകൾ മറച്ച് വച്ചാണ് 6 മാസം മുമ്പ് പ്ലാന്റ് നിർമ്മാണം ആരംഭിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമ്മാണം നിർത്തി വയ്ക്കുന്നതിന് കളക്ടർ നടപടി സ്വീകരിക്കുകയായിരുന്നു. റോഡ് നിർമ്മാണത്തിന് താൽക്കാലികമായി സ്ഥാപിക്കുമെന്ന കരാറുകാർ പറഞ്ഞ പ്ലാന്റ് നിർമ്മാണം ഒരുഘട്ടം പിന്നിട്ടപ്പോൾ പ്രദേശവാസികൾക്ക് ഏറെ ആശങ്കയുണ്ടാക്കി. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻതന്നെ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ചില നിക്ഷിപ്ത താൽപ്പര്യക്കാർ ജനകീയ പ്രതിഷേധങ്ങളെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടിയുള്ള മുതലെടുപ്പ് ശ്രമം നടത്തുകയും സമരം എൽഡിഎഫ് നേതാക്കൾക്ക് എതിരെ തിരിച്ചുവിടുകയുമായിരുന്നു. ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങളിൽ ആശങ്കയുണ്ടായ വിഷയത്തിൽ സമയബന്ധിതമായി ഇടപെട്ട് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് റോഷി പറഞ്ഞു.