തൊടുപുഴ: ജില്ലയിൽ ഇന്നലെ മൂന്ന് പേർ നാമനിർദേശപത്രിക സമർപ്പിച്ചു. ഉടുമ്പൻചോലയിൽ എം.എം. മണിയും ദേവികുളത്ത് എ. രാജയും ഇടുക്കിയിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുമാണ് പത്രിക സമർപ്പിച്ചത്. എം.എം. മണി സി.പി.എം സ്ഥാനാർത്ഥിയായി എ.ആർ.ഒ നെടുങ്കണ്ടം ബി.ഡി.ഒ മുമ്പാകെ രണ്ടു സെറ്റ് പത്രികയാണ് സമർപ്പിച്ചത്. മുൻ എം.പി ജോയ്‌സ് ജോർജ്ജ്, വനം വികസന ഡയറക്ടർ ബോർഡ് അംഗം പി.എൻ. വിജയൻ എന്നിവർ മന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ദേവികുളം എസ്.സി സംവരണ നിയോജക മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി എ. രാജ സബ് കളക്ടർ പ്രേം കൃഷ്ണൻ മുമ്പാകെ നാമനിർദ്ദേശ പത്രിക നൽകി. എസ്. രാജേന്ദ്രൻ എം.എൽ.എയ്‌ക്കൊപ്പം എത്തിയാണ് എ. രാജ രണ്ടു സെറ്റ് പത്രിക നൽകിയത്. ഇടുക്കി നിയോജകമണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിൻസന്റ് ജേക്കബാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എൽ.ആർ ഡെപ്യൂട്ടി കളക്ടർ ജോളി ജോസഫ് മുമ്പാകെയാണ് വിൻസെന്റ് പത്രിക സമർപ്പിച്ചത്. ഇന്നും നാളെയുമായി ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പത്രിക നൽകും.