ചെറുതോണി: വെള്ളപ്പാറയിൽ വനം വകുപ്പിന്റെ ചങ്ങാട സർവീസിന് പച്ചക്കൊടി. ചങ്ങാട സർവീസ് ആരംഭിക്കാൻ അനുവദിച്ചുകൊണ്ട് വനംവകുപ്പിന്റെ ഉത്തരവു ലഭിച്ചതിനെത്തുടർന്ന് സർവ്വീസാരംഭിച്ചു. തേക്കടിക്ക് പിന്നാലെയാണ് ഇടുക്കി അണക്കെട്ടിൽ ചങ്ങാട സർവീസ് ആരംഭിച്ചിരിക്കുന്നത്. വനംവകുപ്പിന്റെ വൈൽഡ്‌ലൈഫ് ഡിവിഷനാണ് ഇതിന്റെ ചുമതല. ഒരേസമയം ആറുപേർക്കാണ് ചങ്ങാടത്തിൽ യാത്രചെയ്യാവുന്നത്. ഒരാൾക്ക് ഒരു മണിക്കൂർ സർവ്വീസിന് 300 രൂപയാണ് ഫീസ്. സർവ്വീസ് നടത്തുന്നതിന് ആദിവാസിവിഭാഗത്തിൽപ്പെട്ട യുവാക്കൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. 10 വയസിനു മുകളിലുള്ളവർക്കേ അനുവാദം നൽകുകയുള്ളൂ. ഇതിൽനിന്നു ലഭിക്കുന്ന വരുമാനം ആദിവാസിക്ഷേമത്തിനാണ് വിനിയോഗിക്കുന്നത്. ചങ്ങാടത്തിൽ ജോലിചെയ്യുന്നത് ആദിവാസികളാണ്. ലൈഫ് ജാക്കറ്റുകളുൾപ്പെടെ എല്ലാ സുരാക്ഷാ സംവിധാനത്തോടുകൂടിയാണ് സർവ്വീസ് നടത്തുന്നത്. ബോട്ടിംഗിനെത്തുന്ന വർ ചങ്ങാടത്തിൽ യാത്രചെയ്യാനും തയ്യാറാകുന്നുണ്ട്.

ഇടുക്കി വെള്ളപ്പാറയിൽ ആരംഭിച്ച ചങ്ങാട സർവ്വീസ്‌