പീരുമേട്: മൂന്ന് മാസക്കാലമായി പൂട്ടിക്കിടക്കുന്ന പോപ്‌സൺ എന്റർപ്രൈസസ് കമ്പനിയുടെ പാമ്പനാർ എസ്റ്റേറ്റ് തുറന്ന് പ്രവർത്തിക്കാൻ എസ്റ്റേറ്റ് മാനേജ്‌മെന്റും തൊഴിലാളി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ധാരണയായി. നാളെ കമ്പനി തുറക്കാനാണ് എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മിഷണറുടെ ചേമ്പറിൽ നടന്ന ചർച്ചൽ ധാരണയായത്. മൂന്ന് മാസക്കാലമായി പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റിൽ എണ്ണൂറോളം തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. കൊളുന്ത് മോഷണം ഉൾപ്പെടെ തൊഴിലാളികളുടെ മേൽ കമ്പനി കൊടുത്തിരിക്കുന്ന കേസുകളിൽ നിയമ നടപടികൾ സ്വീകരിക്കില്ലെന്നും തൊഴിലാളികൾക്കുണ്ടായിട്ടുള്ള നഷ്ടങ്ങൾക്ക് തുടർന്ന് നടക്കുന്ന ചർച്ചയിൽ രമ്യമായ തീരുമാനം സ്വീകരിക്കാമെന്നും ധാരണയായിട്ടുണ്ട്. പീരുമേട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും എ.ഐ.ടി.യു.സി നേതാവുമായ വാഴൂർ സോമൻ, വിവിധ യൂണിയൻ നേതാക്കളായ എം. തങ്കദുരൈ, ആർ. വിനോദ്, പി.കെ. രാജൻ, സുന്ദർ രാജ്, മുഹമ്മദാലി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.