തൊടുപുഴ: മലങ്കര എസ്റ്റേറ്റ് കമ്പനി പുനസ്ഥാപിച്ച പാമ്പനാനി ഗേറ്റ് ഭീം ആർമി പ്രവർത്തകർ വീണ്ടും തല്ലി തകർത്തു. ഇന്നലെ 12.40 നാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച്ച ഏതാനും ഭീം ആർമി പ്രവർത്തകരുടെ നേതൃത്വത്തിൽ ഗേറ്റ് തല്ലി തകർക്കുകയും ഇവരെ മുട്ടം പൊലീസ് അറസ്റ്റ് ചെയ്ത് കേസ് എടുക്കുകയും ചെയ്തിരുന്നു. ഇവരിൽ ജാമിത്തിലിറങ്ങിയ ഭീം ആർമി പ്രവർത്തകരായ ആലപ്പുഴ കുട്ടനാട് പുതുച്ചേരിതറയിൽ റോബിൻ, കണ്ണൂർ പൂമരത്തിൽ പ്രൈസ് പി ടി, തൃശൂർ പണ്ടാരംപറമ്പിൽ മൻസൂർ, പ്രദേശ വാസിയായ കാവും കണ്ടത്തിൽ സജീവൻ എന്നിവർ ചേർന്നാണ് ഇന്നലെ താഴ് തല്ലി തകർത്ത് ഗേറ്റ് പിഴുതെറിഞ്ഞത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗേറ്റ് വീണ്ടും തകർക്കുമെന്ന വിവരത്തെ തുടർന്ന് മുട്ടം സി ഐ വി ശിവകുമാർ, എസ് ഐ കെ എ മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സമരക്കാരെ തടഞ്ഞെങ്കിലും ഗേറ്റ് തകർത്തു. പിന്നീട് തൊടുപുഴ ഡി വൈ എസ്പി രാജപ്പൻ സംഭവ സ്ഥലം സന്ദർശിച്ചു. പ്രശ്ന പരിഹാരത്തിന് പഞ്ചായത്ത് മെമ്പർ, പ്രദേശവാസികളുടെ പ്രതിനിധികൾ, മലങ്കര കമ്പനി മാനേജ്മെന്റ് എന്നിവരുടെ സംയുക്ത യോഗം മുട്ടം സ്റ്റേഷനിൽ ഇന്ന് രാവിലെ 10 ന് ചേരുമെന്ന് മുട്ടം സി ഐ വി ശിവകുമാർ പറഞ്ഞു.
പ്രശ്നത്തിൽ കോടതി
ഇടപെടൽ
മുട്ടം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന തോണിക്കുഴിയിൽ 1993 ലാണ് സർക്കാർ 42 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചത്. ഇതിൽ ചില കടുംബക്കാർ മുട്ടം ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതി പ്രകാരവും സർക്കാരിന്റെ വിവിധ ഏജൻസി ഫണ്ട് ഉപയോഗിച്ചും മറ്റ് ചിലർ സ്വന്തമായും വീട് നിർമ്മിച്ച് താമസം ആരംഭിച്ചു. എന്നാൽ മാറി മാറി അധികാരത്തിൽ വന്ന അധികൃതരുടെ അവണനയെ തുടർന്ന് വെള്ളം, വൈദ്യുതി, റോഡ് എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവർക്ക് വർഷങ്ങളോളം അന്യമായി. എന്നാൽ 2014 ൽ തോണിക്കുഴി പ്രദേശത്തേക്ക് റോഡ് സൗകര്യം ഏർപ്പാടായത്. മറ്റുള്ള അടിസ്ഥാന സൗകര്യങ്ങൾ എത്തി നോക്കാത്തതിനെ തുടർന്ന് ഏതാനും കുടുംബക്കാർ ഇവിടുന്ന് താമസം മാറി. നിലവിൽ 9 കുടുംബക്കാർ മാത്രമാണ് താമസം. നിലവിൽ താമസിക്കുന്നവരിൽ ഭൂരിഭാഗം കടുംബവും ദളിത് വിഭാഗക്കാരാണ്. മലങ്കര എസ്റ്റേറ്റ് കമ്പനി സ്ഥാപിച്ച ഗേറ്റ് കടന്നാണ് തോണിക്കുഴി പ്രദേശത്തേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഇത് വഴിയുള്ള സഞ്ചാരം തടഞ്ഞ് മലങ്കര കമ്പനി ഗേറ്റ് താഴിട്ട് പൂട്ടി. ഇതിനെതിരെ പ്രദേശ വാസികൾ സംഘടിച്ചും മറ്റ് ചില സംഘടനകളും പ്രക്ഷോഭം ആരംഭിക്കുകയും കളക്ടർ ഗേറ്റ് തുറന്ന് നൽകാൻ മലങ്കര കമ്പനിക്ക് നിർദേശ നൽകുകയും ചെയ്തു. കമ്പനി ഇതിനെതിരെ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി. ഈ അവസ്ഥ തുടരവേയാണ് രണ്ട് ദിവസങ്ങളിലായി ഗേറ്റ് തല്ലി തകർത്തത്. റോയ് ജോൺ, മാനേജർ, മലങ്കര എസ്റ്റേറ്റ്.
"പ്രദേശ വാസികൾക്ക് പ്രവേശിക്കാൻ നടപ്പ് വഴി അനുവദിച്ചിട്ടുണ്ട്. അത്യാവശ്യ സമയങ്ങളിൽ ഗേറ്റ് തുറക്കാൻ അവിടെ താമസിക്കുന്ന വ്യക്തിയുടെ പക്കൽ താക്കോൽ ഏൽപിച്ചിട്ടുണ്ട്. ഗേറ്റ് തുറക്കുന്നതിന് കോടതി സ്റ്റേ നൽകിയിട്ടുണ്ട് "