
തൊടുപുഴ: കേരള കോൺഗ്രസുകാർ പരസ്പരം ഏറ്റുമുട്ടുന്ന തൊടുപുഴയിൽ പി.ജെ. ജോസഫിന്റെ മുഖ്യ എതിരാളിയായെത്തുന്നത് അദ്ദേഹത്തിന്റെ നാല് തിരഞ്ഞെടുപ്പുകളിൽ ചുക്കാൻ പിടിച്ച പ്രൊഫ. കെ.ഐ. ആന്റണി. കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗമായ ആന്റണി 1977 മുതൽ ജോസഫിന്റെ ഒപ്പം പ്രവർത്തിച്ചിരുന്നയാളാണ്. കോളേജ് അദ്ധ്യാപകനായിരുന്ന അദ്ദേഹം ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 1977 മുതൽ 1991 വരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു. ഇക്കാലയളവിൽ നടന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജോസഫിന്റെ തിരഞ്ഞെടുപ്പ് കൺവീനറായിരുന്നു ആന്റണി. 1977, 80, 82, 87 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ ജോസഫിനെ വിജയത്തിലെത്തിക്കാനായി അദ്ദേഹം പ്രവർത്തിച്ചു. 1991ൽ ജോസഫുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ടു. പിന്നീട് കേരളകോൺഗ്രസ് എമ്മിൽ ചേർന്ന ആന്റണി തൊടുപുഴ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ച് വരികയായിരുന്നു. മാണിയും ജോസഫുമായി ലയിച്ച കഴിഞ്ഞ തിരഞ്ഞടുപ്പിലും പി.ജെ. ജോസഫിന് വേണ്ടി പ്രചാരണരംഗത്ത് ആന്റണി സജീവമായിരുന്നു. ജോസഫിന്റെ ശക്തിയും ദൗർബല്യവും നന്നായി അറിയാവുന്ന ആളെന്ന നിലയിൽ കടുത്ത മത്സരം കാഴ്ചവയ്ക്കാനാകുമെന്നാണ് ആന്റണിയുടെ പ്രതീക്ഷ. ഭാര്യ ജെസി ആന്റണി തൊടുപുഴ നഗരസഭയുടെ ആരംഭകാലം മുതലുള്ള കൗൺസിലറും രണ്ടുവട്ടം ചെയർപേഴ്‌സണുമായിരുന്നു.