മുട്ടം: മലങ്കരയിലെ ഇല്ലിചാരി തോണിക്കുഴി ഭാഗത്തുള്ള ഗേറ്റ് ഭീം ആർമി പ്രവർത്തകർ തകർത്ത സംഭവത്തിൽ മുട്ടം സി ഐ വി ശിവകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ഇന്നലെ രാവിലെ 10.30 ന് മുട്ടം സ്റ്റേഷനിലാണ് ചർച്ച നടന്നത്. പ്രധാന ഗേറ്റിന്റെ സ്പെയർ താക്കോൽ ഓരോന്ന് വീതം പ്രദേശവാസികളായ മുഴുവൻ കുടുംബങ്ങൾക്കും നൽകുക, പ്രധാന ഗേറ്റ് പൂർണ്ണമായും അടച്ചിട്ട് ബൈക്കിന് കടന്ന് പോകാൻ പറ്റുന്ന രീതിയിൽ മറ്റൊരു ചെറിയ ഗേറ്റ് സ്ഥാപിക്കുക. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ പ്രധാന ഗേറ്റ് തുറക്കാൻ പ്രദേശ വാസിയുടെ കൈ വശം താക്കോൽ നൽകുക. പ്രധാന ഗേറ്റ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ പൂർണ്ണമായും തുറന്നിടുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ പൊലീസ് മുന്നോട്ട്വെച്ചെങ്കിലും ഭീം ആർമി പ്രവർത്തകരുമായുള്ള കൂടി ആലോചനയെ തുടർന്ന് പ്രദേശ വാസികൾ നിർദേശങ്ങളോട് യോജിച്ചില്ല. എന്നാൽ പ്രധാന ഗേറ്റിന്റെ ഒരു ഭാഗം പൂർണ്ണമായും തുറന്നിടാനുള്ള നിർദേശത്തോട് പ്രദേശ വാസികൾ യോജിച്ചപ്പോൾ മലങ്കര കമ്പനി എം ഡി യോട് ചോദിച്ചതിന് ശേഷം തീരുമാനം അറിയിക്കാമെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു. ഇന്നലെ നടന്ന ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് വീണ്ടും ചർച്ച നടത്തും. മുട്ടം എസ് ഐ കെ എ മുഹമ്മദ് ബഷീർ, പഞ്ചായത്ത് മെമ്പർ ഡോളി രാജു, മലങ്കര എസ്റ്റേറ്റ് കമ്പനി മാനേജർ റോയി ജോൺ, അസി: മാനേജർ ഡിറ്റോ തോമസ്, പ്രദേശവാസികളായ രാജു തങ്കപ്പൻ, സജീവൻ കാവും കണ്ടത്തിൽ, സന്തോഷ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.