ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും ജില്ലയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ സ്വീകരിക്കുന്നതിനും തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച പൊതു നിരീക്ഷകൻ ജില്ലാ ആസ്ഥാനത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഡൽഹി സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി സുരേന്ദ്ര സിംഗാണ് പൊതു നിരീക്ഷകൻ. തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പരാതികൾ പൊതുജനങ്ങൾക്ക് നേരിട്ട് തിരഞ്ഞെടുപ്പ് നിരീക്ഷകർക്ക് നൽകാൻ അവസരമുണ്ട്. ജില്ലാ കളക്ടറേറ്റിൽ എത്തിയ പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകനായ സുരേന്ദ്ര സിംഗിനെ ജില്ലാ കളക്ടർ എച്ച്. ദിനേശൻ പുച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികകൾ, ദേശീയ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ചിഹ്നങ്ങൾ, ഇതുവരെ ലഭിച്ച തിരഞ്ഞെടുപ്പ് പരാതികളുടെയും മറ്റും വിശദാംശങ്ങൾ കളക്ടറുടെ ചേമ്പറിൽ ജില്ലാ കളക്ടർ എച്ച്. ദിനേശനോടൊപ്പം സുരേന്ദ്ര സിംഗ് വിശകലനം ചെയ്തു. ഇടുക്കി, ഉടുമ്പൻചോല റിട്ടേണിംഗ് ആഫീസർമാരെയും സന്ദർശിച്ച് തിരഞ്ഞെടുപ്പ് സ്ഥിതിഗതികൾ വിലയിരുത്തി. അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി, എ.ഡി.എം അനിൽ കുമാർ എം.ടി, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.ആർ. വൃന്ദാദേവി, ജില്ലാ ഇൻഫർമേഷൻ ആഫീസർ എൻ. സതീഷ് കുമാർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.