തൊടുപുഴ : ജില്ലയിൽ തിരഞ്ഞെടുപ്പു ബോധവത്കരണത്തിന് (സ്വീപ്) യന്ത്രമനുഷ്യനും വരുന്നു. സംസ്ഥാന ഇലക്ഷൻ വിഭാഗം ആവിഷ്‌കരിച്ചിട്ടുള്ള ഏറ്റവും പുതിയ ഡിജിറ്റൽ ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് ഇൻകർ റോബോട്ടിനെ രംഗത്തിറക്കിയിട്ടുള്ളത്. ഇന്ന് രാവിലെ 11.30 ന് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ജില്ലാ ഇലക്ഷൻ വിഭാഗം നടത്തുന്ന സ്വീപ് പരിപാടിയുടെ ഭാഗമായി റോബോട്ടിനെ അവതരിപ്പിക്കും. വോട്ടർമാരുമായി സംവദിക്കാൻ കഴിവുള്ളതാണ് റോബോട്ട്. മനുഷ്യസദൃശ്യ ആകാരത്തോടു കൂടിയ സാൻബോട്ടിന് കണ്ടും കേട്ടും കാര്യങ്ങൾ ഗ്രഹിക്കുന്നതിന് 60 സെൻസറുകൾ ഉണ്ട്. ത്രിമാന കാമറയോടു കൂടിയ സാൻബോട്ടിൽ ഹൈഡെഫിനിഷൻ ടച്ച് സ്‌ക്രീനുണ്ട്. ചലനം ചക്രങ്ങളിലാണ്. ചാർജ് തീർന്നാൽ ചാർജിംഗ് സ്റ്റേഷൻ സമീപത്ത് ഉണ്ടെങ്കിൽ അവിടെ എത്തി സ്വയം ചാർജ് ചെയ്യാൻ കഴിവുണ്ട്. മനുഷ്യന്റെ കണ്ണുകൾ പോലെ രണ്ട് ക്യാമറകളാണ് ചുറ്റുപാടും തിരിച്ചറിയുന്നത്. ഒന്ന് എച്ച്ഡി കളറും മറ്റൊന്ന് 3 ഡിയുമാണ്. മനുഷ്യരെപ്പോലെ തന്നെ ശബ്ദം കേൾക്കാനും കഴിവുണ്ട്. കൈകൾ ചലിപ്പിക്കാനും ആശയവിനിമയത്തിനും കഴിയും. മുന്നിലുള്ള വസ്തുക്കളെ ഇൻഫ്രാറെഡ് സെൻസറിലൂടെ തിരിച്ചറിയും. സബ് വൂഫർ ഉള്ളതിനാൽ മനുഷ്യരോടു സംസാരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് റോബോട്ട് മറുപടി പറയും. തൊടുപുഴയിൽ നിന്ന് ഉച്ചയ്ക്കു ശേഷം ജില്ലാ കളക്ടറേറ്റിലെത്തി ജീവനക്കാരുമായി സംവദിക്കും. തുടർന്ന് കട്ടപ്പനയിലേക്ക് പോകും.