
തൊടുപുഴ: 28 ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് തൊടുപുഴ പുറപ്പുഴയിലെ പാലത്തിനാൽ വീട്ടിലെത്തിയ കേരളകോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് കേരളകൗമുദിയോട് മനസ് തുറന്നു.
 ഒരു മാസത്തോളം മാറി നിൽക്കേണ്ടി വന്നല്ലോ?
തിരഞ്ഞെടുപ്പുകാലത്ത് ആദ്യമായാണ് 28 ദിവസത്തോളം മണ്ഡലത്തിൽ നിന്ന് മാറി നിൽക്കുന്നത്. എന്നാൽ ഞാനില്ലാത്തതിന്റെ ഒരു കുറവും പ്രചാരണത്തിലുണ്ടായില്ല. ഫോൺ വഴി എല്ലാവരെയും ബന്ധപ്പെടുന്നുണ്ടായിരുന്നു.
 പി.സി. തോമസുമായുള്ള ലയനം ?
കേരള കോൺഗ്രസിന്റെ വളർച്ചയ്ക്ക് വേണ്ടിയാണ് പി.സി. തോമസുമായി ലയിച്ചത്. ബ്രാക്കറ്റില്ലാത്ത കേരളകോൺഗ്രസ് നേട്ടമുണ്ടാക്കും. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒറ്റ കേരള കോൺഗ്രസേ കാണൂ.
 ചിഹ്നം ലഭിക്കാത്തത് തിരിച്ചടിയാകുമോ ?
ചിഹ്നത്തിന്റെ കാര്യത്തിൽ 22ന് തീരുമാനമാകും. ട്രാക്ടർ ഓടിക്കുന്ന കർഷകൻ, തെങ്ങിൻതോട്ടം, ഫുട്ബാൾ എന്നീ ചിഹ്നങ്ങളിലേതെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. 10 സ്ഥാനാർത്ഥികൾക്കും ഒരേ ചിഹ്നം തന്നെ കിട്ടും.
 എം.എൽ.എ സ്ഥാനം രാജിവച്ചത് ?
സുതാര്യതയ്ക്ക് വേണ്ടി. അല്ലാതെ വേറെ കാര്യങ്ങളൊന്നുമില്ല.
 ലയനം ബി.ജെ.പി സഖ്യത്തിലേക്കെന്ന ആരോപണം ?
ഞങ്ങൾക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. മറ്റുള്ളവർക്ക് എന്തും പറയാമല്ലോ.
 യു.ഡി.എഫിന്റെ സാദ്ധ്യത ?
യു.ഡി.എഫിന് അനുകൂലമായ ഒരു തരംഗം സംസ്ഥാനത്തുണ്ട്. സ്വർണക്കള്ളക്കടത്തും ലൈഫ് മിഷൻ തട്ടിപ്പും പിൻവാതിൽ നിയമനവുമടക്കം ഇടതു മുന്നണിക്ക് തിരിച്ചടിയാവും.
 കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ ബാധിക്കുമോ ?
ഒരിക്കലുമില്ല. ഇതൊക്കെ ചെറിയ പ്രശ്നങ്ങളാണ്. ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടും വലിയ വിജയം നേടിയിട്ടുണ്ട്.
 പഴയ സഹപ്രവർത്തകനാണല്ലോ ഇത്തവണ എതിരാളി ?
അതിൽ കാര്യമില്ല. 2011ൽ എനിക്കെതിരെ മത്സരിച്ച ജോസഫ് അഗസ്റ്റ്യനും ഒപ്പമുണ്ടായിരുന്നയാളാണ്.
 ഭൂരിപക്ഷം കൂടുമോ ?
മണ്ഡലത്തിലെ എന്റെ പ്രവർത്തനം വച്ചു നോക്കുമ്പോൾ കുറയാൻ കാരണങ്ങളൊന്നുമില്ല.