ചെറുതോണി: 2018 ലുണ്ടായ പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് അത് പുനർനിർമിച്ച് നൽ കുന്നതിൽ കാലതാസമസം വരുത്തുന്നതായി പരാതി. മണിയാറൻകുടി സ്വദേശിയായ കരാറുകാരനും സഹായികളും ചേർന്ന് വീട് വെച്ച് കൊടുക്കാതെ ഉപഭോക്താക്കളുടെ പണം തട്ടിക്കുന്നത് സംബന്ധിച്ച് പാറേമാവ് സ്വദേശിനിയും വിധവയുമായ ചാമപ്പാറയിൽ മായ ജില്ലാ കളക്ടർക്കും പൊലീസിലും പരാതി നൽകി. മായയ്ക്ക് വീടു വയ്ക്കുന്നതിന് സർക്കാർ നാല് ലക്ഷം രൂപയാണ് നൽകുന്നത്. പണമനുവദിച്ചപ്പോൾ തന്നെ ഗ്രാമസേവകന്റെ നിർദ്ദേശാനുസരണം കരാറുകാരന് നിർമ്മാണ ചുമതല നൽകിയിരുന്നു. വീടുപണി പൂർത്തിയാകുമ്പോൾ നാലു ലക്ഷം രൂപ നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് പലതവണയായി 3.85 ലക്ഷം രൂപ കരാറുകാരൻ കൈപ്പറ്റി. ഒരുവർഷം കഴിഞ്ഞിട്ടും വീടിന്റെ തറയും ഭിത്തിയുടെ പകുതി മാത്രമാണ് നിർമിച്ചത്. ബാക്കിയുള്ള പണി പൂർത്തിയാക്കാതെ കരാറുകാരൻ കബളിപ്പിച്ചതായും ഇപ്പോൾ ഭീഷണിപ്പെടുത്തുകയാണെന്നും മായ പറയുന്നു. ഇത്തരത്തിൽ നിരവധിപേരുടെ പക്കൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ഇവരുടെയൊന്നും വീടിന്റെ പണി പൂർത്തിയാക്കിയിട്ടില്ലെന്നും മായ പറഞ്ഞു. വീടിന്റെ പണി ഉടൻപൂർത്തിയാക്കിയില്ലെങ്കിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് മായ പറഞ്ഞു.