joseph-and-thomas

തൊടുപുഴ: തിരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച ആശയക്കുഴപ്പം നീണ്ടുപോയതോടെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയം തീരാൻ നിമിഷങ്ങൾ മാത്രംശേഷിക്കെയാണ് പി.ജെ. ജോസഫ് വിഭാഗത്തിലെ പത്ത് സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചത്. പി.സി. തോമസുമായുള്ള ലയനത്തിന്റെ പശ്ചാത്തലത്തിൽ കൂറുമാറ്റനിയമത്തിന്റെ പരിധിയിൽ വരാതിരിക്കാൻ എം.എൽ.എ സ്ഥാനം രാജിവച്ച ശേഷമായിരുന്നു പി.ജെ. ജോസഫും മോൻസ് ജോസഫും പത്രിക നൽകിയത്. പത്ത് സ്ഥാനാർത്ഥികളും ട്രാക്ടർ ഓടിക്കുന്ന കർഷകന്റെ ചിഹ്നമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പി.സി. തോമസ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളായിട്ടാണ് പി.ജെ. ജോസഫ് വിഭാഗം മത്സരിക്കുന്നത്.

ചിഹ്നത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പത്രികസമർപ്പണം രണ്ട് മണിയിലേക്ക് നീട്ടുകയായിരുന്നു. പി.സി തോമസും അഭിഭാഷകനും ചില നേതാക്കളും 12.30ന് പി.ജെ. ജോസഫിന്റെ പുറപ്പുഴയിലെ വീട്ടിലെത്തി. ട്രാക്ടർ ഓടിക്കുന്ന കർഷകന്റെ ചിഹ്നം ഒന്നാമതായി പത്രികയിൽ ആവശ്യപ്പെടാൻ ചർച്ചചെയ്തു തീരുമാനിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടോടെ പി.ജെ. ജോസഫ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി അസി. റിട്ടേണിംഗ് ഓഫീസർക്ക് പത്രിക നൽകി. മറ്റ് സ്ഥാനാർത്ഥികളും അതാതിടങ്ങളിൽ പത്രിക നൽകി.


 ചിഹ്നത്തിലെ പ്രതിസന്ധി

കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചതിനെ തുടർന്നാണ് ജോസഫ് വിഭാഗത്തിൽ പ്രതിസന്ധി ഉണ്ടായത്. തന്റെ പഴയ ചിഹ്നമായ സൈക്കിൾ വേണമെന്ന് ജാേസഫ് ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ കമ്മിഷൻ നിരസിച്ചു. സൈക്കിൾ സമാജ് വാദി പാർട്ടിയുടെ ദേശീയ ചിഹ്നമാണ്.

ജോസഫ് വിഭാഗം രജിസ്ട്രേഡ് പാർട്ടിയില്ലാത്തതിനാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായോ ഏതെങ്കിലും രജിസ്‌ട്രേഡ് പാർട്ടിയുമായി ചേർന്ന് മത്സരിക്കുകയോ ചെയ്യേണ്ട അവസ്ഥ വന്നു. കേരള കോൺഗ്രസ് എന്ന പേര് ബ്രാക്കറ്റില്ലാതെ തോമസ് വിഭാഗത്തിന് നേരത്തേ കിട്ടിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് എൻ.ഡി.എയുമായി തെറ്റിയ പി.സി. തോമസുമായി ജോസഫ് വിഭാഗം ലയിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പി.സി. തോമസിന്റെ പാർട്ടിക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ചിഹ്നം കസേരയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ചിഹ്നം അനുവദിക്കേണ്ടത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനാണ്. ഒറ്റ ചിഹ്നം ചോദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിരസിച്ചു.