തൊടുപുഴ: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ പുറപ്പുഴ പാലത്തിനാൽ വീട്ടിൽ വലിയ ആളും ബഹളവുമായിരുന്നു. 28 ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ശേഷം പി.ജെ. ജോസഫ് തിരികെയെത്തി. ഇന്നലെ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അറിയിച്ചിരുന്നതിനാൽ നേതാക്കളും മാദ്ധ്യമങ്ങളുടമടക്കം രാവിലെ തന്നെ വീട്ടിലെത്തിയിരുന്നു. രാവിലെ പി.ജെ. ജോസഫ് മാദ്ധ്യമങ്ങളെ കണ്ടു ചോദ്യങ്ങൾക്ക് മറുപടി നൽകി. രാവിലെ 11ന് പത്രിക സമർപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അതിന് ശേഷമാണ് അറിയുന്നത് ചിഹ്നം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്നും വിഷയം ചർച്ച ചെയ്യാനായി പി.സി. തോമസ് പുറപ്പുഴയിലെത്തുന്നുണ്ടെന്നും. ഇതിനിടെ 12 മണിയോടെ ഡീൻ കുര്യാക്കോസ് എം.പി ജോസഫിനെ സന്ദർശിച്ച് മടങ്ങി. 12.30 കഴിഞ്ഞപ്പോൾ പി.സി. തോമസ് എത്തി. ഒപ്പം അഭിഭാഷകനുമുണ്ടായിരുന്നു. അൽപ്പ സമയത്തിന് ശേഷം ജോസഫ് അദ്ദേഹത്തെ സ്വീകരിക്കാനെത്തി. പരസ്പരം കൈപിടിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു. തുടർന്ന് ചർച്ചയ്ക്കായി അകത്തെ മുറിയിലേക്ക് പോയി. ഇരുവരും തമ്മിലുള്ള ചർച്ച പുരോഗമിക്കുന്നതിനിടെ ജോസഫും മോൻസും എം.എൽ.എ സ്ഥാനം രാജിവച്ചെന്ന വാർത്ത പുറത്തു വന്നു. ചർച്ചയ്ക്ക് ശേഷം പുറത്ത് വന്ന പി.സി. തോമസും ജോസഫും മാദ്ധ്യമങ്ങളോട് സംസാരിച്ചു. ജോസഫ് രാജി സ്ഥിരീകരിച്ചു. തുടർന്ന് എം.എൽ.എ ബോർഡ് മറച്ച കാറിൽ പത്രിക സമർപ്പിക്കാനായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ആഫീസിലേക്ക്. പി.സി. തോമസും ഒപ്പമുണ്ടായിരുന്നു. ഇവിടേക്ക് ഡീൻ കുര്യാക്കോസ് എം.പിയും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദും എത്തിയിരുന്നു. ഇവർക്കൊപ്പം ജോസഫ് പത്രിക നൽകി. ഇതേസമയം തന്നെ ഇടുക്കിയിൽ ഫ്രാൻസിസ് ജോർജ്ജും പത്രിക സമർപ്പിച്ചു. തുടർന്ന് മാദ്ധ്യങ്ങളെ കണ്ട ശേഷം മടക്കം.