marayur

മറയൂർ: റവന്യൂ ഭൂമിയായ ആനക്കോട്ട പാർക്കിൽ ഒരു വശത്തുള്ള വിനോദസഞ്ചാരികളുടെ വിശ്രമ സ്ഥലത്തെ വനംവകുപ്പ് വേലി കെട്ടി തിരിക്കാനുള്ള ശ്രമം പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും തടഞ്ഞു. മറയൂർ- കാന്തല്ലൂർ റോഡിൽ കീഴാന്തൂർ വില്ലേജിലുൾപ്പെട്ട റവന്യൂ ഭൂമിയായ ആനക്കോട്ട പാറയിലാണ് വനംവകുപ്പ് വേലികെട്ടി വരുന്നത്. ഈ പ്രദേശം വേലികെട്ടി അടയ്ക്കുമ്പോൾ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് വിശ്രമ സ്ഥലം ഇല്ലാതാകും. ഒരു വശത്തുള്ള റവന്യൂ ഭൂമിയായ വിശാലമായ പാറ പത്ത് വർഷങ്ങൾക്ക് മുമ്പ് വനംവകുപ്പ് കൈവശപ്പെടുത്തി വേലി കെട്ടി തിരിച്ചു. ഇതിനുള്ളിൽ 3000വർഷം പഴക്കമുള്ള മുനിയറകളുടെ അവശേഷിപ്പുകൾ ഉള്ളതിനാൽ ഇത് ആനക്കോട്ട പാർക്ക് എന്ന പേരിൽ ഇക്കോ ഷോപ്പും സ്ഥാപിച്ച് പ്രവർത്തനം നടത്തി വരികയാണ്. ഇതിനുള്ളിൽ പ്രവേശിക്കാൻ ഒരാൾക്ക് 15 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ റോഡിന്റെ മറ്റൊരു വശമാണ് ഇപ്പോൾ വേലികെട്ടി അടയ്ക്കുന്നത്. ഇതോടെ മേഖലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പൂർണമായും സ്വാതന്ത്ര്യം നഷ്ടപ്പെടും. ഇവിടെ ക്ഷേത്രവും സമീപത്ത് ശ്മശാനമുണ്ട്. കൂടാതെ സ്റ്റേഡിയം നിർമിക്കാനും കാന്തല്ലൂർ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിരിക്കുന്നു. ഇതിനാൽ വനം വകുപ്പ് റവന്യൂ ഭൂമിയെ കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പഞ്ചായത്ത് പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും ചേർന്ന് വനംവകുപ്പിന്റെ ശ്രമം തടഞ്ഞത്. സാൻഡൽ റിസർവായി നോട്ടിഫിക്കേഷൻ ചെയ്ത സ്ഥല നിലവിൽ ഇവിടെ ചന്ദന സംരക്ഷണത്തിനുള്ള വേലിയാണ് നിർമ്മിക്കുന്നതെന്ന് മറയൂർ ഡി.എഫ്.ഒ ബി. രഞ്ജിത്ത് പറഞ്ഞു. എന്നാൽ ചന്ദന സംരക്ഷണത്തിന്റെ പേരിൽ പല സ്ഥലങ്ങളിലും വനം വകുപ്പ് കൈയേറി നിർമ്മാണം നടത്തിയിട്ടുണ്ടെന്നും ഇനി റവന്യൂ ഭൂമി കൈവശപ്പെടുത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും പഞ്ചായത്ത് പ്രതിനിധികൾ പറഞ്ഞു.