ചെറുതോണി: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള കാൽവരിമൗണ്ട് മൂന്നാർ ഹൈവേ ജില്ലാ ആസ്ഥാന ടൂറിസം വികസനത്തിനും കാർഷിക മേഖലയ്ക്ക് കരുത്തേകുന്നതിനും ഏറെ സഹായകരമാണെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. കാമാക്ഷി, മരിയാപുരം ഗ്രാമപഞ്ചായത്തുകളിലെ വോട്ടർമാരോട് സംവദിക്കുകയായിരുന്നു എൽ. ഡി. എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ. തേയില കൊളുന്തിന്റെ വില കിലോയ്ക്ക് 20 രൂപയാക്കി നിശ്ചയിച്ചതും ഇടുക്കി പാക്കേജിൽ പ്രഖ്യാപിച്ചിട്ടുള്ള തേയില ഫാക്ടറികൾക്കുള്ള പലിശരഹിത വായ്പയും ചെറുകിട തേയില കർഷകർക്ക് ഏറെ ആശ്വാസകരമാകും. ഡബിൾകട്ടിംഗ്, കാൽവരിമൗണ്ട് മേഖലകളിൽ കർഷകരുടെ കൈവശമിരിക്കുന്ന സർക്കാർ മിച്ചഭൂമി പതിച്ചു നൽകാനുള്ള നടപടി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. രാവിലെ ഡബിൾകട്ടിംഗിൽ ആരംഭിച്ച പര്യടനം മരിയാപുരം പഞ്ചായത്തിലെ നാരകക്കാനം, ഡാംടോപ്പ്, ഇടുക്കി, മില്ലുംപടി, കുതിരക്കല്ല്, കരിക്കിൻതോളം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് കാമാക്ഷി പഞ്ചായത്തിലെ പാണ്ടിപ്പാറയിൽ നിന്നും ആരംഭിച്ച പര്യടനം ഈട്ടിക്കവല, അൽഫോൻസ നഗർ, കൂട്ടക്കല്ല്, കാൽവരിമൗണ്ട്, എട്ടാംമൈൽ, നെല്ലിപ്പാറ, പാറക്കടവ്, കാമാക്ഷി, അമ്പലമേട്, പുഷ്പഗിരി, കൊച്ചുകാമാക്ഷി, താഴത്തുനീലിവയൽ, മേരിഗിരി, ഉദയഗിരി, പ്രകാശ്, നീലിവയൽ, തങ്കമണി എന്നീ കേന്ദ്രങ്ങളിലെ സ്ഥാപനങ്ങളും വ്യക്തികളെയും സന്ദർശിച്ചു.