ഇടുക്കി: നിയമസഭാ തിരഞ്ഞടുപ്പിനോടനുബന്ധിച്ച് ഉണ്ടാകുന്ന മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്ത് തിരഞ്ഞെടുപ്പ് നടപടികൾ പരിസ്ഥിതി സൗഹൃമാക്കുന്നതിന് ജില്ലാ കലക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഉദ്യേഗസ്ഥർക്കുള്ള ആരോഗ്യ സുരുക്ഷാ സംവിധാനങ്ങളായ മാസ്‌ക്, ഗ്ലൗസ്, ഫേസ്ഷീൽഡ്, പി പി ഇ കിറ്റ് എന്നിവ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികൾക്കൊപ്പം വിതരണകേന്ദ്രത്തിൽ നിന്ന് ഏറ്റുവാങ്ങണം. ഉപയോഗിച്ചവ ബയോമെഡിക്കൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി നൽകിയിട്ടുള്ള മഞ്ഞ കവറിൽ നിക്ഷേപിച്ച് ഡ്യൂട്ടിക്കുശേഷം പോളിങ് സാമഗ്രികൾക്കൊപ്പം സുരക്ഷിതമായി വിതരണ കേന്ദ്രത്തിൽ തന്നെ തിരിച്ചേൽപ്പിക്കണം. പോളിങ്ങിനോടനുബന്ധിച്ചുള്ള ഇതര മാലിന്യങ്ങൾ പരിത കർമ്മസേനയെ നിയോഗിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങൾ സംസ്‌ക്കരിക്കണം. സെക്രട്ടറിമാർക്കായിരിക്കും ഇതിന്റെ ചുമതല. ജൈവം, അജൈവം എന്നിങ്ങനെ രണ്ടായി തിരിച്ചായിരിക്കണം ശേഖരിക്കേണ്ടത്. വോട്ടർമാർ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഗ്ലൗസ് പ്രത്യേകം ശേഖരിക്കണം. പേപ്പർ, പായ്ക്കിങ് കവറുകൾ, പ്ലാസ്റ്റിക് തുടങ്ങിയ അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ച് ഗ്രാമപഞ്ചായത്തിന്റെ എം സി എഫിലേയ്ക്ക് മാറ്റണം. ഹരിതകർമ്മ സേനാ അംഗങ്ങൾക്ക് സുരക്ഷാ ഉപാധികൾ ഉറപ്പാക്കണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലായിരിക്കണം മാലിന്യ പരിപാലനം. ഹരിതകർമ്മ സേന/കുടുംബശ്രീ അംഗങ്ങൾക്ക് 750 രൂപ വേതനം ജോലി ചെയ്യുന്ന ദിവസം തന്നെ നൽകണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പികെ സുഷമ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ ഡോ. ജി. എസ് മധു, അജേഷ് ടി ജി, ജസീർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.