ചെറുതോണി: ദേവികുളം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് ബിജെപി -യുഡിഎഫ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപി എം ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ജില്ലയിൽ എമ്പാടും വോട്ട് കച്ചവടത്തിന് വേണ്ടി നടത്തിയിട്ടുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ദേവികുളത്ത് അരങ്ങേറിയത്. നിശ്ചയിച്ച ഫാറത്തിൽ ആവശ്യമായ വിവരങ്ങൾ നൽകാത്തതുകൊണ്ടാണ് പത്രിക തള്ളിയത്. ഇത് അവിചാരിതമായി സംഭവിച്ച ഒന്നല്ല. ബിജെപി യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ആസൂത്രിതമായ നാടകമാണ് ദേവികുളത്ത് അരങ്ങേറിയത്.ഓരോ ജില്ലകളിലും ചില മണ്ഡലങ്ങൾ തെരഞ്ഞെടുത്ത് പത്രികകൾ തള്ളിച്ചും ദുർബ്ബല സ്ഥാനാർത്ഥികളെ നിർത്തിയും കോൺഗ്രസ്സും ബിജെപിയും നടത്തുന്ന നീക്കുപോക്കിന്റെ അന്തർധാരകളാണ് പ്രകടമായി പുറത്ത് വരുന്നത്. ഇടുക്കി ജില്ലയിലും യുഡിഎഫുമായുള്ള ധാരണയിൽ പലയിടങ്ങളിലും ദുർബ്ബല സ്ഥാനാർത്ഥികളെയാണ് നിർത്തിയിട്ടുള്ളത്. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി മുൻകൂട്ടി സൂചിപ്പിച്ച കേരളതല ബിജെപി യുഡിഎഫ് കൂട്ടുകെട്ടിന്റെ പുതിയ രൂപം ഇടുക്കി ജില്ലയിലും പരീക്ഷിക്കുകയാണെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. വർഗ്ഗീയ ശക്തികളുമായി കൂട്ടുചേർന്ന് കോൺഗ്രസ്സ് നടത്തുന്ന അവിശുദ്ധ ബന്ധങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും മതേതര നിലപാട് ഉയർത്തിപിടിക്കുന്ന ഇടതുപക്ഷ മുന്നണിയുടെ ജില്ലയിലെ 5 സ്ഥാനാർത്ഥികളെയും വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും സിപി എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.