ചെറുതോണി: തോട്ടം തൊഴിലാളികളുടെ അന്തസ്സും ആത്മാഭിമാനവും ഉയർത്തിപ്പിടിച്ച കരുത്തനായ ട്രേഡ് യൂണിയൻ നേതാവായിരുന്നു സി.എ. കുര്യനെന്ന് സിപി എം ജില്ലാ സെക്രട്ടറിയേറ്റ് . തൊഴിലാളികളെ അടിമകളെപ്പോലെ കണ്ടിരുന്ന കാലത്ത് തോട്ടം ഉടമകൾക്കെതിരെയും ഫ്യൂഡൽ മനോഭാവത്തിനെതിരെയും സന്ധിയില്ലാത്ത പോരാട്ടം നയിച്ച് തൊഴിലാളികളെ മനുഷ്യരായി അംഗീകരിപ്പിച്ച നേതാവാണ് അദ്ദേഹം. സി.എ. കുര്യന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തൊഴിലാളി സംഘടനകൾക്കും കനത്ത നഷ്ടമാണ്. ഭരണാധികാരി എന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും അദ്ദേഹം നടത്തിയിട്ടുള്ള സേവനം ജില്ലയിലെ ജനങ്ങൾക്ക് വിസ്മരിക്കാനാവാത്തതാണ്. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനാണ് അവസാനാളുകളിൽ അദ്ദേഹം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയതെന്നും സിപി എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.