തൊടുപുഴ: നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധനയിൽ ദേവികുളത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതും തൊടുപുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പത്രികയ്ക്കെതിരെ ബി.ജെ.പി പരാതി ഉന്നയിച്ചതും മണിക്കൂറുകളോളം അനിശ്ചിതത്വം സൃഷ്ടിച്ചു. ആകെ എട്ട് പേരുടെ പത്രികകളാണ് ഇന്നലെ സൂഷ്മപരിശോധനയിൽ തള്ളിയത്.
എൻ.ഡി.എയുടെ ഘടകകക്ഷിയായ എ.ഐ.എ.ഡി.എം.കെയിലെ ആർ. ധനലക്ഷ്മിയുടെ പത്രികയാണ് ദേവികുളത്ത് തള്ളിയത്. ഇതോടൊപ്പം എൻ.ഡി.എ ഡമ്മി സ്ഥാനാർത്ഥി പൊൻപാണ്ടി, ബി.എസ്.പിയുടെ തങ്കച്ചൻ എന്നിവരുടെ പത്രികകളും തള്ളി. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ച രീതിയിൽ ഫോം26 കൃത്യമായി പൂരിപ്പിക്കാത്തതും പത്രികയിൽ വിവരങ്ങൾ ഉൾപ്പെടുത്തിയതിലെ അപാകതയും കണക്കിലെടുത്താണ് വരണാധികാരിയായ ദേവികുളം സബ്കളക്ടർ പ്രേംകൃഷ്ണൻ തള്ളിയത്. തുടർന്ന് ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച എസ്. ഗണേശനെ പിന്തുണക്കാൻ എൻ.ഡി.എ തീരുമാനിക്കുകയായിരുന്നു. ദേവികുളത്ത് എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നമായ തൊപ്പിയായിരിക്കും ഗണേശേന്റതും. ബാക്കിയുള്ള അഞ്ച് പത്രികകൾ തള്ളിയത് പ്രധാന സ്ഥാനാർത്ഥികളുടെ പത്രിക സാധുവായി അംഗീകരിച്ചതിനാൽ ഡമ്മിയായി സമർപ്പിച്ചവരുടേതാണ്. സൂക്ഷ്മ പരിശോധന അവസാനിച്ച ശേഷം ജില്ലയിലെ അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി ഇനി മത്സര രംഗത്തുള്ളത് 31 പേരാണ്.
പരാതിക്കൊടുവിൽ സ്വീകരിച്ചു
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ഐ. ആന്റണിയുടെ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ തെറ്റായ വിവരമുണ്ടെന്ന് ചൂണ്ടിക്കാട്ടി പത്രിക തള്ളണമെന്ന് ബി.ജെ.പി സൂക്ഷ്മ പരിശോധനയ്ക്കിടെ പരാതി ഉന്നയിക്കുകയായിരുന്നു. കെ.ഐ. ആന്റണി പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുള്ള കാര്യം മറച്ചുവച്ചെന്നായിരുന്നു ആക്ഷേപം. തൊടുപുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി. ശ്യാംരാജിന്റെ ഡമ്മി സ്ഥാനാർത്ഥിയായ അഡ്വ. കെ.എസ്. ബിനുവാണ് ആക്ഷേപമുന്നയിച്ചത്. വസ്തുതർക്കവുമായി ബന്ധപ്പെട്ട് കാഞ്ഞിരമറ്റം സ്വദേശി തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് എഫ്.ഐ.ആർ രജിസ്ട്രർ ചെയ്തതിന്റെ കോപ്പിയും പരാതിക്കാരൻ റിട്ടേണിംഗ് ആഫീസറായ ആർ.ഡി.ഒയ്ക്ക് മുമ്പാകെ ഹാജരാക്കി. എന്നാൽ അത്തരമൊരു കേസുള്ളതായി അറിയില്ലെന്നായിരുന്നു കെ.ഐ. ആന്റണിക്ക് വേണ്ടി ഹാജരായ അഡ്വ. ബിനു കെ. തോട്ടുങ്കൽ അറിയിച്ചത്. തുടർന്ന് സത്യവാങ്മൂലത്തിൽ തെറ്റായ വിവരമുണ്ടെന്ന കാരണത്താൽ പത്രിക തള്ളാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാരണാധികാരികൾക്ക് നൽകിയ ഹാൻഡ്ബുക്കിൽ വ്യക്തമാക്കുന്നുണ്ടെന്നും അതിനാൽ പത്രിക സ്വീകരിക്കുകയാണെന്നും ആർ.ഡി.ഒ അറിയിച്ചു. ഇതിനിടെ ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ ആന്റണിയുടെ പത്രിക തള്ളിയെന്നതരത്തിൽ തെറ്റായ വാർത്ത പ്രചരിച്ചത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിനിടയാക്കി.