
ഇടുക്കി: മുന്നോട്ടെടുത്ത സ്വകാര്യ ബസിന് അടിയിൽപെട്ട് യാത്രക്കാരിയായ യുവതി മരിച്ചു. കുട്ടിക്കാനം സിറ്റിയിൽ ഇന്നലെ വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. പാമ്പനാർ റാണിമുടി സ്വദേശി സുധീഷിന്റെഭാര്യ രോഹിണി (30)യാണ് മരിച്ചത്. കോട്ടയത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സ് പഠിക്കുകയായിരുന്നു രോഹിണി. കോട്ടയത്തു നിന്നും കട്ടപ്പന ബസിൽ കയറി കുട്ടിക്കാനത്ത് ഇങ്ങിയ ബസിന്റെ മുന്നിൽ കൂടി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. യുവതി ബസിനു മുന്നിലുള്ളത് അറിയാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. കണ്ടു നിന്നവർ നിലവിളിച്ചതോടെയാണ് അപകടം ഡ്രൈവർ അറിയുന്നത്. അപ്പോഴേക്കും രോഹിണിയുടെ ശരീരത്തിൽ ബസിന്റെ ടയർ കയറിയിറങ്ങിയിരുന്നു. ഉടൻ തന്നെ പീരുമേട് ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു.