kurian
അന്തരിച്ച സി.എ. കുര്യന്റെ മൃതദേഹം മൂന്നാറിലെ സി.പി.ഐ പാർട്ടി ആഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ

മൂന്നാർ: തോട്ടം തൊഴിലാളികളുടെ സ്വന്തം കുര്യാച്ചന് അദ്ദേഹത്തിന്റെ ആഗ്രഹം പോലെ പോരാട്ട ഭൂമിയായ മൂന്നാറിൽ തന്നെ അന്ത്യവിശ്രമം ഒരുക്കും. . എല്ലാ തൊഴിലാളി സമരങ്ങൾക്കും ചുക്കാൻ പിടിക്കാൻ മൂന്നാറിലെ കമ്മ്യൂണിസ്റ്റുകാരുടെയും ഇതര രാഷ്ട്രീയ നേതാക്കളുടെയും പ്രിയപ്പെട്ട കുര്യാച്ചൻ മുമ്പിലുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹം തോട്ടം തൊഴിലാളികളുടെയും മൂന്നാറിന്റെയും പ്രിയ നേതാവായി മാറുന്നത്. വാർധക്യ കാലത്ത് അസുഖങ്ങളാൽ ക്ലേശിക്കുമ്പോൾ പോലും തൊഴിലാളികൾക്ക് മുന്നിൽ സമരങ്ങൾക്ക് നേതൃത്വം വഹിക്കാൻ സി.എ. കുര്യൻ ഉണ്ടായിരുന്നു. അതുകൊണ്ട് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ മൂന്നാറിന്റെ മണ്ണിൽ നിന്ന് വിട്ടുനൽകാൻ അവിടുത്തെ സാധാരണക്കാരും തോട്ടം തൊഴിലാളികളും ഉൾക്കൊള്ളുന്ന ജനവിഭാഗവും തയ്യാറായിരുന്നില്ല. മൃതദേഹം ഇന്നലെ ഉച്ചവരെ മൂന്നാർ എ.ഐ.ടി.യു.സി ആഫീസിൽ പൊതുദർശനത്തിന് വെച്ചു. ജീവിതത്തിലെ നാനാതുറകളിൽപ്പെട്ടവർ തങ്ങളുടെ പ്രിയനേതാവിന് അന്ത്യാജ്ഞലി അർപ്പിക്കാൻ പാർട്ടി ആഫീസിൽ എത്തി. നിറകണ്ണുകളോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട അണ്ണനെ കാണാൻ തോട്ടം തൊഴിലാളികൾ കൂട്ടത്തോടെ എത്തിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, എസ്. രാജേന്ദ്രൻ എം.എൽ.എ, ഇ.എസ്. ബിജിമോൾ എം.എൽ.എ, മുൻ എം.എൽ.എ എ.കെ. മണി, സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം മാത്യു വർഗീസ്, പീരുമേട് എൽ.ഡി.എഫ് സ്ഥാനാർത്ഥി വാഴൂർ സോമൻ, ദേവികുളം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. രാജ തുടങ്ങിയവർ അന്ത്യാജ്ഞലി അർപ്പിച്ചു.