മൂന്നാർ: ലോക വനദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ആഘോഷം കളക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്തു.
വനസംരക്ഷണം, സമുദ്രസംരക്ഷണം, തീരദേശപരിപാലനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളെ മാനിച്ച് കേരള വനം വന്യജീവി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വനമിത്ര പുരസ്‌കാരം തൊടുപുഴ മീൻമുട്ടി മാർ മാത്യൂസ് യു.പി. സ്‌കൂളിനും, കെ.ബുൾബേന്ദ്രനും കളക്ടർ കൈമാറി. ഇതോടൊപ്പം ദേശീയ വനം കായിക മേള ജേതാക്കളായ നിർമ്മല റാണി മാത്യു (ബി.എഫ്.ഒ., തൊടുപുഴ വേളൂർ ഫോറസ്റ്റ് സ്റ്റേഷൻ), പ്രഫുൽ കെ കുറ്റിശ്ശേരി (ബി.എഫ്.ഒ തൊടുപുഴ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് ) എന്നിവരെ ആദരിച്ചു.
മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി, ഇടുക്കി ഡിവിഷൻ ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷാൻട്രി ടോം എന്നിവർ സംസാരിച്ചു. ഇടുക്കി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസി. ഫോറസ്റ്റ് കൺസർവേറ്റർ ബി. രാഹുൽ സ്വാഗതവും മൂന്നാർ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി.അജി നന്ദിയും പറഞ്ഞു. മൂവാറ്റുപുഴ നിർമ്മല കോളേജ് പ്രൊഫസർ. ഡോ. ജിജി ജോസഫിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലാസ് നടത്തി.