ഇടുക്കി: പ്രവർത്തകരെ ആവേശകൊടുമുടിയിലേക്ക് ഉയർത്തി പിണറായിയും ഉമ്മൻചാണ്ടിയും ഇന്നലെ ജില്ലയിലെ ഇടത്- വലത് മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ സജീവമാക്കി. നേതാക്കൾക്ക് ആവേശകരമായ വരവേൽപ്പാണ് ഇരു മുന്നണികളിലെയും പ്രവർത്തകർ നൽകിയത്.
ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പര്യടനം നടത്തിയത്. രാവിലെ മൂന്നാർ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ ആയിരങ്ങളാണ് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനെത്തിയത്. ഉച്ചയ്ക്ക് ചെറുതോണിയിലും ഉച്ചകഴിഞ്ഞ് നെടുങ്കണ്ടത്തും വൈകിട്ട് വണ്ടിപ്പെരിയാറിലും ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി പിണറായി പ്രസംഗിച്ചു. കൂടുതലും സർക്കാരിന്റെ വികസന നേട്ടങ്ങളും എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുമാണ് എടുത്ത് പറഞ്ഞത്. കാര്യമായ രാഷ്ട്രീയം പറഞ്ഞില്ലെങ്കിലും യു.ഡി.എഫിനെയും ബി.ജെ.പിയെയും വിമർശിക്കാൻ അദ്ദേഹം മറന്നില്ല. വാദ്യമേളങ്ങളുടെയും നാദസ്വരങ്ങളുടെയും അകമ്പടിയോടെ റെഡ് വോളന്റീയർമാർ ആനയിച്ചാണ് നാലിടങ്ങളിലും വേദിയിലേക്കെത്തിച്ചത്. ഓരോ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികൾക്ക് പുറമെ മന്ത്രി എം.എം. മണി, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ തുടങ്ങിയ നേതാക്കൾ പൊതുയോഗങ്ങളിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നലെ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലെ തിരഞ്ഞെടുപ്പ് പരിപാടികളിലാണ് പങ്കെടുത്തത്. രാവിലെ തങ്കമണിയിലും ഉച്ചയ്ക്ക് ഉടുമ്പൻചോലയിലും വൈകിട്ട് ആനച്ചാലിലും അദ്ദേഹം ആയിരങ്ങളെ അഭിസംബോധന ചെയ്തു. 'പൊന്നേ കരളേ കുഞ്ഞൂഞ്ഞേ" എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ ഉമ്മൻചാണ്ടിയെ വരവേറ്റത്. തങ്കമണിയിലെത്തിയ ഉമ്മൻ ചാണ്ടിയെ ട്രാക്ടർ ഓടിച്ചെത്തിയ ഫ്രാൻസിസ് ജോർജ്ജും ഡീൻ കുര്യാക്കോസ് എം.പിയും ചേർന്നാണ് സ്വീകരിച്ചത്. എൽ.ഡി.എഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഉമ്മൻചാണ്ടി യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജില്ലയിലെ കർഷകർക്കുണ്ടാകുന്ന നേട്ടങ്ങളടക്കം എണ്ണിയെണ്ണി പറഞ്ഞു. യു.ഡി.എഫിന്റെ പ്രകടനപത്രികയിലുള്ള വാഗ്ദാനങ്ങളും എടുത്ത് പറഞ്ഞു. മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികൾക്ക് പുറമെ ഡീൻകുര്യാക്കോസ് എം.പി, അഡ്വ. എസ്. അശോകൻ, പ്രൊഫ. എം.ജെ. ജേക്കബ്, ഇബ്രാഹിംകുട്ടികല്ലാർ എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
കാർഷിക കടങ്ങൾ എഴുതി തള്ളും: ഉമ്മൻചാണ്ടി
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അഞ്ചേക്കറിൽ താഴെയുള്ള ചെറുകിട കർഷകരുടെ രണ്ടു ലക്ഷം രൂപയിൽ താഴെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. വന്യമൃഗങ്ങളിൽ നിന്ന് കർഷകരെയും കൃഷിയെയും സംരക്ഷിക്കുന്നതിന് നിയമനിർമ്മാണം നടത്തും. ഇടുക്കി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകും. യു.ഡി.എഫ് ഭരണകാലത്ത് 100 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയിരുന്നു. എൽ.ഡി.എഫിന് ഒരാളേപ്പോലും നിയമിക്കുവാൻ കഴിഞ്ഞില്ല. 1964 ലെയും 1993 ലെയും ഭൂനിയമങ്ങൾ ഭേദഗതിചെയ്യും. പട്ടയഭൂമിയിലെ നിർമ്മാണ നിരോധനം സംബന്ധിച്ച് പുതിയ നിയമനിർമ്മാണം നടത്തും. 123 വില്ലേജുകളെയും ഇ.എസ്.എയുടെ പരിധിയിൽ നിന്നൊഴിവാക്കും. പിണറായി പ്രഖ്യാപിച്ച 5000, 1000, 12000 കോടിരൂപയുടെ പാക്കേജുകൾ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യും: മുഖ്യമന്ത്രി
ഇടുക്കിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് എൽ.ഡി.എഫ് സർക്കാർ മുൻഗണന നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. ഇനിയുള്ളത് 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുകയെന്നതാണ്. ചട്ടം ഭേദഗതി ചെയ്യുമെന്ന് തന്നെ എൽ.ഡി.എഫ് സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയാണ്. ചട്ടം മാറ്റിയെഴുതാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്. ഇക്കാലത്ത് കാർഷികരംഗത്ത് വലിയ അഭിവൃദ്ധിയുണ്ടാക്കാനായി. പച്ചക്കറി, പാൽ, മുട്ട തുടങ്ങിയ മേഖലകളിൽ സ്വയംപര്യാപ്തത നേടും. കൃഷിക്കാരുടെ പ്രശ്നങ്ങൾ ശരിയായ രീതിയിൽ തിരിച്ചറിഞ്ഞ് അവരോടൊപ്പം നിൽക്കുന്ന സമീപനമാണ് എൽ.ഡി.എഫും സംസ്ഥാന സർക്കാരും സ്വീകരിക്കുന്നത്. റബറിന്റെ താങ്ങുവില വർദ്ധിപ്പിച്ച് 250 രൂപയാക്കുമെന്ന് എൽ.ഡി.എഫ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.