ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളിലെ മാലിന്യ ഹരിതകർമ്മ സേനാംഗങ്ങൾ നീക്കം ചെയ്യും. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പഞ്ചായത്ത് മുനിസിപ്പൽ സെക്രട്ടറിമാർക്ക് ജില്ലാ കളക്ടർ ഉത്തരവ് നൽകി. ഹരിത കർമ്മ സേനാംഗങ്ങളെ ആവശ്യത്തിന് ലഭ്യമല്ലാത്ത പക്ഷം കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കാം. പോളിംഗ് സ്റ്റേഷനിലെ മാലിന്യങ്ങൾ നീക്കുന്നതിന് നിയോഗിക്കപ്പെടുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപാധികളായ ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസർ, ഫെയ്‌സ്ഷീൽഡ് എന്നിവ ഉറപ്പാക്കണം. സർക്കാർ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ ദിവസ വേതനമായ 750 രൂപ ഇവർക്ക് ജോലി ചെയ്യുന്ന ദിവസം തന്നെ നൽകണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. ഈ ജോലി വൃത്തിയായും ചിട്ടയായും നടപ്പാക്കിയെന്ന് ഉറപ്പാക്കിയാകണം വേതനം നൽകേണ്ടതെന്നും കളക്ടർ പറഞ്ഞു.
മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കണം
ജൈവം, അജൈവം, ബയോ മെഡിക്കൽ എന്നിങ്ങനെ മൂന്നു തരത്തിൽ മാലിന്യങ്ങൾ പ്രത്യേകം ശേഖരിക്കണം. വോട്ടർമാർ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഗ്ലൗസ് പ്രത്യേക ബിന്നുകളിൽ ശേഖരിക്കണം. ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണം. പേപ്പർ, പായ്ക്കിംഗ് കവറുകൾ, പ്ലാസ്റ്റിക് തുടങ്ങിയ അജൈവ പാഴ് വസ്തുക്കൾ പ്രത്യേകം ബിന്നുകളിൽ ശേഖരിച്ച് ഗ്രാമപ്പഞ്ചായത്തിന്റെ എം.സി.എഫിലേയ്ക്ക് മാറ്റണം. ഓരോ പോളിംഗ് സ്റ്റേഷനുകളിലും സമഗ്രമായ മാലിന്യ പരിപാലനം ഉറപ്പുവരുത്തുന്നതിന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ശേഖരിക്കപ്പെട്ട മാലിന്യങ്ങൾ പോളിംഗ് ദിവസംതന്നെ യഥാസ്ഥലങ്ങളിലേയ്ക്ക് നീക്കം ചെയ്യുന്നതിന് വാഹന സൗകര്യം ഏർപ്പെടുത്തേണ്ടതാണ്.