 മുട്ടത്തും കരിങ്കുന്നത്തും പുതിയ പദ്ധതിയെന്ന് വാട്ടർ അതോറിട്ടി

തൊടുപുഴ: മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. രണ്ട് പഞ്ചായത്ത് പ്രദേശങ്ങളിലും വർഷങ്ങളായി അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് തൊടുപുഴ സ്വദേശി ജോർജ് തോമസ് നൽകിയ പരാതിയിലാണ് കമ്മിഷന്റെ ഇടപെടൽ. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റോടു കൂടിയ പുതിയ പദ്ധതി ആവിഷ്‌കരിക്കുമ്പോൾ മുട്ടം, കരിങ്കുന്നം പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണാൻ കഴിയുമെന്ന് ജല അതോറിട്ടി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ജല അതോറിട്ടിക്ക് കീഴിൽ തൊടുപുഴ, മുട്ടം റോഡിൽ തൊടുപുഴയാറിനോട് ചേർന്ന് പ്രവർത്തിക്കുന്ന മ്രാല പമ്പ് ഹൗസിന്റെ പ്രവർത്തനം പുനരാരംഭിച്ചതായും ജല അതോറിട്ടി കമ്മിഷനെ അറിയിച്ചു. പമ്പ് പ്രവർത്തിക്കാത്തതു കാരണം പണം കൊടുത്ത് വെള്ളം വാങ്ങേണ്ട അവസ്ഥയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ ജല അതോറിട്ടി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറിൽ നിന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് റിപ്പോർട്ട് വാങ്ങി. കരിങ്കുന്നം പഞ്ചായത്തിലെ 950 കുടുംബങ്ങൾ ആശ്രയിക്കുന്നത് മ്രാല കുടിവെള്ള പദ്ധതിയെയാണ്. കാലപ്പഴക്കം കാരണം പമ്പ് ഹൗസിലെ സ്റ്റാർട്ടറുകളും മോട്ടോറുകളും പമ്പ് സെറ്റും തകരാറിലാവുന്നത് പതിവാണെന്ന് ജല അതോറിട്ടി റിപ്പോർട്ടിൽ പറഞ്ഞു. ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് അധികമായി പമ്പ് സെറ്റുകൾ വാങ്ങാൻ പദ്ധതി സമർപ്പിച്ചിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു. ജല അതോറിട്ടിക്ക് കീഴിൽ കാലപ്പഴക്കത്താൽ പ്രവർത്തിക്കാത്ത പദ്ധതികൾ പുനർജീവിപ്പിക്കുമെന്ന് എ. എക്‌സിയുടെ റിപ്പോർട്ടിൽ കമ്മിഷനെ അറിയിച്ചു.

'വെള്ളം' കുടിച്ച് ജനം

വേനലിലും നിറഞ്ഞൊഴുകുന്ന തൊടുപുഴയാറ്റിലെ വെള്ളം പ്രയോജനപ്പെടുത്തിയാൽ മുട്ടം, കരിങ്കുന്നം പഞ്ചായത്ത് പ്രദേശത്തെ മാത്രമല്ല തൊടുപുഴ നിയോജക മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അതിരൂക്ഷമായ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാൻ കഴിയും. എന്നാൽ ഭരണ സിരാകേന്ദ്രങ്ങളിലെ അധികൃതരുടെ താത്പര്യക്കുറവ് കാരണം നടപടികൾ എല്ലാം പതിവായി ചുവപ്പ് നാടയിൽ കുരുങ്ങുകയാണ്.

സമരങ്ങൾ തുടർക്കഥ

മുട്ടം പഞ്ചായത്ത് പ്രദേശവാസികൾക്ക് കുടിവെള്ളം കയ്യെത്തും ദൂരത്താണെങ്കിലും വേനൽ ആരംഭിച്ചാൽ ക്ഷാമം അതിരൂക്ഷമാണ്. പ്രശ്‌നത്തിന് പരിഹാരമായി ജനം അധികൃതരുടെ വീടുകൾ കയറി ഇറങ്ങുന്നതും പ്രക്ഷോഭങ്ങളുമായി തെരുവിൽ ഇറങ്ങുന്നതുമായ അവസ്ഥ വർഷങ്ങളായി തുടരുകയാണ്. ഇതിന് ഒരു ആശ്വസമാവുകയാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലും അടുത്ത നാളിലുണ്ടായ മറ്റ് ചില നടപടികളും.