
മുതിർന്ന ട്രേഡ് യൂണിയൻ നേതാവും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി.എ. കുര്യൻ ഓർമയായതോടെ അവസാനിക്കുന്നത് കേരളത്തിലെ തോട്ടംതൊഴിലാളി മേഖലയിലെ അവകാശ സമരങ്ങളുടെയും പോരാട്ടത്തിന്റെയും അവിസ്മരണീയമായ ഒരേടാണ്. 1977, 1980, 1996 വർഷങ്ങളിൽ പീരുമേട്ടിൽ നിന്ന് നിയമസഭയിലെത്തി. 1996ലാണ് ഡെപ്യൂട്ടി സ്പീക്കറായത്. സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ അംഗം, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി, ആൾ ഇന്ത്യ പ്ലാന്റേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം, ദേവികുളം എസ്റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ്, ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോഴായിരുന്നു അന്ത്യം.
കോട്ടയം പുതുപ്പള്ളിയിൽ ജനിച്ച സി.എ. കുര്യൻ 1957ൽ കർഷക സംഘത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തൊഴിലില്ലായ്മ രൂക്ഷമായിരുന്ന അക്കാലത്ത് ഏവരും ആഗ്രഹിക്കുന്ന വൈറ്റ് കോളർ ജോലിയായ ബാങ്ക് ഉദ്യോഗം അദ്ദേഹം സ്വന്തമാക്കിയിരുന്നു. മുണ്ടക്കയം സെൻട്രൽ ബാങ്കിലെ ജീവനക്കാരനായിരുന്നു. സുഗമമായ രാഷ്ട്രീയ പ്രവർത്തനത്തിന് തന്റെ ഉദ്യോഗം തടസമാണെന്ന് തിരിച്ചറിഞ്ഞ് 1960ൽ ജോലി രാജിവച്ച് മുഴുവൻ സമയ പൊതുപ്രവർത്തകനായി മാറി. 1961ൽ പാർട്ടി നിർദ്ദേശപ്രകാരം ട്രേഡ് യൂണിയൻ പ്രവർത്തനത്തിനായി കുര്യൻ മൂന്നാറിലേക്ക് വണ്ടികയറുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് കങ്കാണിമാർ അടിമകളെപ്പോലെ തൊഴിലാളികളെ പിടിച്ചുകൊണ്ടു വന്ന് മൂന്നാറിലെയും പീരുമേട്ടിലെയും തേയിലത്തോട്ടങ്ങളിൽ പീഡിപ്പിച്ച് പണിയെടുപ്പിച്ചിരുന്ന കാലം. ഇവർക്കിടയിലേക്കാണ് ആ സുമുഖനായ ചെറുപ്പക്കാരനെത്തുന്നത്. എ.ഐ.ടി.യു.സി യൂണിയൻ അന്ന് മൂന്നാറിലുണ്ടായിരുന്നെങ്കിലും കമ്പനിയെ ഭയന്ന് പല തൊഴിലാളികൾക്കും സംഘടനയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ മടിയായിരുന്നു. ട്രേഡ് യൂണിയൻ നേതാക്കളെ നേരിട്ടു കാണാൻ പോലും വിമുഖത കാണിച്ചിരുന്നവരായിരുന്നു ന്യൂട്ടർ സായിപ്പിന്റെ നേതൃത്വത്തിലുള്ള അന്നത്തെ മാനേജ്മെന്റ്. ആ സമയത്താണ് തലയാറിൽ ബോണസിന് വേണ്ടിയുള്ള സമരം ആരംഭിക്കുന്നത്. അന്ന് സമരം നയിച്ച തൊഴിലാളി നേതാക്കളായ എം.എൻ. അച്ചുതൻ നായർക്കും സ്റ്റാലിനുമൊപ്പം കുര്യനും ചേർന്നു. മുന്നിൽ നിന്ന് കുര്യൻ ധൈര്യം പകർന്നതോടെ തൊഴിലാളികൾ പതിയെ സമരത്തിനൊപ്പം അണിചേർന്നു. അത് വലിയൊരു സമരമായി മാറി. കോടതിയുടെയും തൊഴിൽ വകുപ്പിന്റെയും ഇടപെടലിലൂടെ സമരം വിജയിച്ചു. കമ്പനി മുട്ടുമടക്കി. പിന്നീട് കേരളത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള യൂണിയനായി ദേവികുളം എസ്റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) മാറിയതും സി.എ. കുര്യൻ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ തലൈവരായതും ചരിത്രം. പ്ലേഗ് പോലുള്ള മഹാമാരിയോടും തോട്ടം ഉടമകളോടും പോരടിച്ച് ജീവൻ പണയം വച്ചായിരുന്നു കുര്യൻ തോട്ടം മേഖലയിൽ സംഘടനയെ പടുത്തുയർത്തിയത്. മൂന്നാറിൽ ട്രേഡ് യൂണിയൻ പ്രവർത്തനം ശക്തമാക്കുന്നതിനിടയിൽ തോട്ടം മാനേജ്മെന്റുകൾ യൂണിയൻ നേതാക്കൾക്ക് നേരെ ഒട്ടേറെ വധശ്രമങ്ങളും കടന്നാക്രമണങ്ങളും നടത്തിയിരുന്നു. 1968ൽ തോട്ടം ഉടമകൾ ഒന്നായി ആസൂത്രണം ചെയ്ത വധശ്രമത്തിൽ നിന്ന് സി.എ. കുര്യൻ ഉൾപ്പെടെയുള്ള നേതാക്കൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇക്കാലത്തിനിടെ വിവിധ കേസുകളിൽപ്പെട്ട് നിരവധി തവണ ജയിൽവാസം അനുഭവിച്ചു. 1975ൽ മൂന്നാർ മുതൽ തിരുവനന്തപുരം വരെ കുര്യൻ നയിച്ച ജാഥയെ തുടർന്നാണ് തോട്ടം തൊഴിലാളി ലയങ്ങൾ വൈദ്യുതീകരിക്കാൻ സർക്കാർ നടപടിയെടുത്തത്. പിന്നീട് പീരുമേട്ടിൽ നിന്ന് മൂന്ന് പ്രാവശ്യം എം.എൽ.എയായപ്പോഴും തോട്ടം തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു പ്രവർത്തനം. കോട്ടയം പുതുപ്പള്ളിയാണ് നാടെങ്കിലും തന്റെ ജീവിതത്തിന്റെ അവസാനകാലം കുര്യൻ ചെലവഴിച്ചതും മൂന്നാറിലെ തൊഴിലാളികൾക്കൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ അന്ത്യവിശ്രമത്തിന് ഇടവും മൂന്നാറിൽ പാർട്ടി ഓഫീസിന് സമീപമാണ് ഒരുക്കിയത്. തോട്ടം തൊഴിലാളികൾക്കിടയിൽ എന്നും കാരണവരുടെ സ്ഥാനമായിരുന്നു കുര്യന്. കുടുംബപ്രശ്‌നമടക്കം എന്തിനും പരിഹാരം തേടി ഓടിയെത്തുന്നത് അവരുടെ പ്രിയ കുര്യച്ചന് മുന്നിലായിരുന്നു. ഏത് പ്രശ്‌നവും നിമിഷനേരം കൊണ്ട് പരിഹരിക്കാനുള്ള നേതൃപാടവം അദ്ദേഹത്തിനുണ്ടായിരുന്നു. തോട്ടം തൊഴിലാളികൾക്കിടയിലെ അവസാന വാക്കായ കുര്യനെപ്പോലൊരു നേതാവ് അതിന് മുമ്പും ശേഷവും ഉണ്ടായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.