തൊടുപുഴ: ജോസ് കെ. മാണി- പി.ജെ. ജോസഫ് വിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന നാല് മണ്ഡങ്ങളിൽ ഒന്നാണെന്നത് മാത്രമല്ല ഇടുക്കി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ വട്ടം മത്സരിച്ച അതേ സ്ഥാനാർത്ഥികൾ തന്നെ ഇക്കുറി മുന്നണി മാറി ഏറ്റുമുട്ടുകയാണെന്നതാണ് മറ്റൊരു പ്രത്യേകത. അന്ന് റോഷി അഗസ്റ്റ്യൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നെങ്കിൽ ഇന്ന് മത്സരിക്കുന്നത് എൽ.ഡി.എഫിന് വേണ്ടിയാണ്. ഫ്രാൻസിസ് ജോർജ് ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധിയായി അന്നിറങ്ങിയത് എൽ.ഡി.എഫിന് വേണ്ടിയെങ്കിൽ ഇന്ന് ജോസഫിന്റ പാർട്ടിയുടെ സ്ഥാനാർഥിയായി യു.ഡി.എഫിലാണ്. എൻ.ഡി.എയ്ക്ക് വേണ്ടി മത്സരിക്കുന്ന ബി.ഡി.ജെ.എസിലെ അഡ്വ. സംഗീത വിശ്വനാഥൻ ജില്ലയിലെ പ്രമുഖ മുന്നണികളിൽ നിന്നുള്ള ഏക വനിതാ സ്ഥാനാർത്ഥിയാണ്. ഇതൊക്കെകൊണ്ട് ഇടുക്കി മണ്ഡലത്തിലെ പോരാട്ടം ശ്രദ്ധേയമാണ്.
അണക്കെട്ടോളം പ്രതീക്ഷകൾ
റോഷി മുന്നണി മാറിയെങ്കിലും രാഷ്ട്രീയത്തിനതീതമായി മണ്ഡലത്തിൽ വളർത്തിയെടുത്ത വ്യക്തി ബന്ധങ്ങളും കഴിഞ്ഞ 20 വർഷം എം.എൽ.എ എന്ന നിലയിൽ നടത്തിയ വികസനപ്രവർത്തനങ്ങളും ഇത്തവണ തുണയ്ക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. ഇടുക്കിയിൽ നിന്ന് രണ്ട് തവണ ലോക്‌സഭംഗമായ ഫ്രാൻസിസ് ജോർജിന് മണ്ഡലം അപരിചിതമല്ല. മുമ്പ് ഇടതുപക്ഷത്തോടൊപ്പമായിരുന്ന ബന്ധവും യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമാണെന്നതും ഐക്യജനാധിപത്യമുന്നണിയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
കഴിഞ്ഞതവണ മത്സരിച്ച എൻ.ഡി.എ സ്ഥാനാർത്ഥി ബിജു മാധവൻ 27403 വോട്ട് നേടിയിരുന്നു. ഇത്തവണ ഈ വോട്ട് വിഹിതം ഇരട്ടിയാക്കി ഇരുമുന്നണികൾക്കും കനത്ത പ്രഹരം നൽകാനായി സർവസന്നാങ്ങളുമായാണ് എൻ.ഡി.എ പ്രചരണം. ഇത്തവണത്തെ സ്ഥാനാർത്ഥിയെ സംഗീതയ്ക്ക് എസ്.എൻ.ഡി.പി യോഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും ഭാരവാഹി എന്ന നിലയിൽ മണ്ഡലത്തിൽ ധാരാളം വ്യക്തി ബന്ധങ്ങളുണ്ട്. അതൊക്കെ വോട്ടാക്കി മാറുമെന്നാണ് എൻ.ഡി.എ കണക്കുക്കൂട്ടുന്നത്.
മണ്ഡല ചരിത്രം
1977ൽ മണ്ഡലം നിലവിൽ വന്ന ശേഷം ഇതുവരെ നടന്ന പത്ത് തിരഞ്ഞെടുപ്പുകളിൽ ഒമ്പതിലും വിജയം യു.ഡി.എഫിനായിരുന്നു. ഇതിൽ ആറ് തവണ കേരള കോൺഗ്രസും മൂന്ന് തവണ കോൺഗ്രസും. 1996ൽ ജനതാദൾ സ്ഥാനാർത്ഥിയായി മത്സരിച്ച നിലവിലെ കോൺഗ്രസ് നേതാവ് പി.പി. സുലൈമാൻ റാവുത്തറാണ് എൽ.ഡി.എഫിന് ഏക ആശ്വാസ വിജയം സമ്മാനിച്ചത്. 2001 മുതൽ തുടർച്ചയായി നാല് തവണ വിജയിക്കുന്നത് റോഷി അഗസ്റ്റ്യനാണ്.
ഇവ നിർണായകം
പട്ടയഭൂമിയിലെ നിർമാണ നിരോധനം എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം. ക്രൈസ്തവ, ഈഴവ, എൻ.എസ്.എസ് വോട്ടുകൾ മണ്ഡലത്തിൽ നിർണായകമാണ്. ഹൈറഞ്ച് സംരക്ഷണ സമിതി ആരെ തുണക്കുമെന്നതും ഫലത്തെ സ്വാധീനിക്കും.
2016ലെ തിരഞ്ഞെടുപ്പ് ഫലം
റോഷി അഗസ്റ്റിൻ (യു.ഡി.എഫ്)- 60556
ഫ്രാൻസിസ് ജോർജ് (എൽ.ഡി.എഫ്)- 51223
ബിജു മാധവൻ (എൻ.ഡി.എ)- 27403
ഭൂരിപക്ഷം: 9333