തൊടുപുഴ: ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ ഒഴിവാക്കാൻ കഴിയാത്ത പതിറ്റാണ്ടുകളുടെ ചരിത്രമാണ് തൊമ്മൻകുത്ത് പ്രദേശത്തിന് പറയാനുള്ളത്. ആരേയും മോഹിപ്പിക്കുന്ന വശ്യമനോഹാരിതയിലും സ്വാഭാവിക പ്രകൃതി ഭംഗിയുടെ പേരിലും പ്രശസ്തിയിലും മുൻപന്തിയിൽത്തന്നെയാണ്. എന്നാൽ ഇത് മാത്രമല്ല ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അധികൃതർ മറന്ന്പോകുന്നു .വിനോദ സഞ്ചാര കേന്ദ്രം എന്ന് രേഖകളിൽ മാത്രം ഒതുങ്ങുന്ന വെറും പ്രൗഢിമാത്രമല്ല ഒരു നാടിന്റെ വികസനം എന്ന് അടിവരയിട്ട് തെളിയിക്കുകയാണ് ഇവിടം.മുളപ്പുറം,ഉടുമ്പന്നൂർ, കുഴിമറ്റം,മണ്ണൂർക്കാട്,പച്ചിലക്കവല, നാരങ്ങാനം പ്രദേശങ്ങൾ അതിര് പങ്കിടുന്ന ഇവിടം വികസന പ്രവർത്തനങ്ങളുടെ കാര്യത്തിൽ ദയനീയ പരാജയമാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടേയും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടേയും മറ്റ് വിവിധങ്ങളായ ഏജൻസികളുടേയും വികസന - ക്ഷേമ പദ്ധതികളിൽ തൊമ്മൻകുത്ത് പ്രദേശത്തിന് വർഷങ്ങളായി പരിഗണന ലഭിക്കുന്നില്ല എന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പ്രദേശത്തെ ജനത്തിന് എന്തെങ്കിലും സർക്കാർ സ്ഥാപനങ്ങളെ ആശ്രയിക്കണമെങ്കിൽ പണവും സമയവും ചെലവിട്ട് കിലോ മീറ്ററുകൾ ചുറ്റി കരിമണ്ണൂർ,വണ്ണപ്പുറം, ഉടുമ്പന്നൂർ കവലകളിൽ എത്തണം.പ്രാഥമിക വിദ്യാഭാസത്തിന് പേരിന് ഒരു എയ്‌ഡഡ്‌ സ്കൂൾ മാത്രമുള്ള ഇവിടം ബാങ്ക്,ആശുപത്രി,വില്ലേജ് ഓഫീസ്,എ ടി എം എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത പ്രാകൃത പ്രദേശമായി തുടരുകയാണ് ഇപ്പോഴും.

സഞ്ചാരികൾക്ക് നിരാശ ..........

സംസ്ഥാന തലത്തിൽ ടൂറിസം വകുപ്പിന്റെപ്രധാന പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാണ് തൊമ്മൻ കുത്ത്.കൊച്ചി ഉൾപ്പടെയുളള നഗര മേഖലകളിൽ നിന്നും മറ്റ് വിദൂര സ്ഥലങ്ങളിൽ നിന്നും സ്വാഭാവികപ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നിത്യവും

നൂറ് കണക്കിന് സഞ്ചാരികളാണ് തൊമ്മൻ കുത്തിലേക്ക് എത്തുന്നത്.ചിലർ കുടുംബസമേതവും, മറ്റ് ചിലർ സൗഹൃദകൂട്ടായ്മയിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെപഠന സംഘമായും ഇവിടേക്ക് ജനം വ്യാപകമായി എത്തുന്നുണ്ട്.ശനി,ഞായർ അവധി ദിവസങ്ങളിലും ഇവിടെ ജനത്തിരക്കാവും.മലങ്കര ടൂറിസം ഹബ്ബ്, വാഗമൺ, ഇല വീഴാപൂഞ്ചിറ, ഇല്ലിക്കകല്ല്, മൂന്നാർ, മാട്ടുപെട്ടി എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് വ്യാപകമായി എത്തുന്ന സഞ്ചാരികൾതൊമ്മൻ കുത്തുംസന്ദർശിക്കും. എന്നാൽ വിദൂര സ്ഥലങ്ങളിൽ നിന്നും ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ചിലയവസരങ്ങളിൽ ഭക്ഷണംപോലും കിട്ടാത്ത അവസ്ഥയാണ് ഇവിടെയുള്ളത്.