തൊടുപുഴ: ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഫലം കാണുന്നുവെന്ന സൂചന നൽകി ജില്ലയിൽ ക്ഷയരോഗികളുടെ എണ്ണം കുറയുന്നു. 2009ൽ ജില്ലയിൽ 555 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ 2020ൽ ഇത് 483 ആയി കുറ‌ഞ്ഞു. ജില്ലാ ടി.ബി വിഭാഗം ആവിഷ്‌കരിച്ചു നടപ്പിലാക്കിയ പദ്ധതികളിലൂടെ രോഗികളുടെ എണ്ണം കുറയ്ക്കാനും ആരുമറിയാതെ രോഗികളായി കഴിഞ്ഞിരുന്നവരെ കണ്ടെത്താനും കഴിഞ്ഞു. രോഗം ബാധിച്ച 30 പേർ ജില്ലയിൽ കഴിഞ്ഞ വർഷം മരണപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കുറവ് ക്ഷയരോഗികളുള്ള ജില്ല കൂടിയാണ് ഇടുക്കി. ക്ഷയരോഗികളെ കണ്ടെത്തി ചികിത്സ നൽകാനായി കേരളത്തിൽ ആദ്യമായി ലൈറ്റന്റ് ടി.ബി ഇൻഫെക്ഷൻ മാനേജ്‌മെന്റ് സംവിധാനവും ആരംഭിക്കുന്ന ജില്ല ഇടുക്കിയാണ്. ഇതിന്റെ ഭാഗമായി രോഗികളുമായി സമ്പർക്കമുള്ളവരും രോഗസാദ്ധ്യതയുള്ളവരുമായ അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക പരിശോധന നടത്തും. കൂടാതെ അഞ്ചിനും 15നും ഇടയിൽ പ്രായമുള്ളവർക്ക് ഐ.ജി.ആർ.എ എന്ന രക്തപരിശോധനയും നടത്തും. രോഗം കണ്ടെത്താനായി ആധുനിക രീതിയിലുള്ള സി.ബിനാറ്റ്, ട്രൂനാറ്റ് പരിശോധനകളും വിവിധ സർക്കാർ ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 11 സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി മാദ്ധ്യമപ്രവർത്തകർക്ക് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സെമിനാറിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ കെ.ആർ. രഘു, ജോർജ്, ബിജു എന്നിവർ പങ്കെടുത്തു.

''2025ൽ രോഗം പൂർണമായും തുടച്ചുനീക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ജില്ലയിലെ പ്രവർത്തനങ്ങൾ. കഴിഞ്ഞ വർഷം കൊവിഡ് പ്രതിസന്ധികളുണ്ടായെങ്കിലും ആശ വർക്കർമാരെയും മറ്റും ഉപയോഗിച്ച് നടത്തിയ ഇടപെടലിലൂടെ രോഗലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നൽകാൻ കഴിഞ്ഞു. രോഗലക്ഷണങ്ങളുണ്ടായിരുന്ന 80 ശതമാനം പേരെയും നിരീക്ഷിക്കാനായി. കൂടിയ ലക്ഷണങ്ങളുള്ളവർക്ക് സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നുണ്ട്. "

-ടി.ബി വിഭാഗം ജില്ലാ ആഫീസർ ഡോ. ബി. സെൻസി



ജില്ലാ ദിനാചരണം ഇന്ന്

ഈ വർഷത്തെ ജില്ലയിലെ ക്ഷയരോഗ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടക്കും. ജില്ലാ മെഡിക്കൽ ആഫീസർ ഇൻ ചാർജ് ഡോ. പി.കെ. സുഷമ ഉദ്ഘാടനം ചെയ്യും. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.ആർ. ഉമാദേവി അദ്ധ്യക്ഷയാകും. ക്ഷയരോഗ നിവാരണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അക്ഷയകേരളം അവാർഡുകളും നൽകും. ഇതോടനുബന്ധിച്ച് രാവിലെ ഒമ്പതിന് ഗാന്ധി സ്‌ക്വയറിൽ നിന്ന് ഓട്ടോറിക്ഷ റാലിയുമുണ്ട്.

 രോഗികൾ

2019- 555

2020- 483