കട്ടപ്പന: പ്രളയക്കെടുതിക്ക് മുമ്പ് കാർഷിക ആവശ്യങ്ങൾക്കായി കർഷകരെടുത്ത രണ്ട് ലക്ഷം രൂപവരെയുള്ള ബാങ്ക് വായ്പകൾ എഴുതിതള്ളുമെന്നുള്ള യു.ഡി.എഫ് പ്രകടന പത്രികയ്ക്ക് ബിഗ് സല്യൂട്ടെന്ന് ചെറുകിട കർഷക ഫെഡറേഷൻ. ദുരിത ബാധിതരായ തേയില, കുരുമുളക്, ഏലം, കാപ്പി തുടങ്ങിയ നാണ്യവിളകളുടെ കൃഷിചെലവിന് ആനുപാതികമായി താങ്ങ് വില ഏർപ്പെടുത്തുമെന്നുള്ള വാഗ്ദാനം കർഷകർ സ്വാഗതം ചെയ്തു. കർഷകരുടെ ചിരകാല സ്വപ്നമായ കാർഷിക ബഡ്ജറ്റും ന്യായ് പദ്ധതിയും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് ഫെഡറേഷൻ പ്രസി. വൈ.സി സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ കട്ടപ്പനയിൽ ചേർന്ന യോഗം വിലയിരുത്തി. കടക്കെണിയെ തുടർന്നുണ്ടായ ജപ്തി നടപടികളിൽ 15 കർഷകരാണ് ജില്ലയിൽ ആത്മഹത്യ ചെയ്യേണ്ടി വന്നത്. തൽസ്ഥിതി ഇന്നും ജില്ലയിൽ നിലനിൽക്കുന്നുണ്ട്. യു.ഡി.എഫ് പ്രകടന പത്രിക നടപ്പിലാക്കാൻ സാധിച്ചാൽ ജീവിതം നഷ്ടപ്പെട്ട ഇടുക്കിയിലെ കർഷകർക്ക് ഏറെ ഗുണകരമാണെന്ന് ഫെഡറേഷൻ വിലയിരുത്തി. കർഷക സംരക്ഷണത്തിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സെബാസ്റ്റ്യൻ ജോർജ്ജ്, ടോമി തെങ്ങുംപള്ളിൽ, ആന്റണി മേടയിൽ, ജോസ് തച്ചാംപറമ്പിൽ, ജ്ഞാശിഖം മണി, സത്യപാലൻ നെടുങ്കണ്ടം, പി.പി. മാത്യു, തങ്കച്ചൻ കുന്നപ്പള്ളിൽ, കുര്യൻ ചീരംകുന്നേൽ എന്നിവർ പ്രസംഗിച്ചു.