തൊടുപുഴ: തകർന്ന വീടിന് സമീപമുള്ള കുളിമുറിയിൽ അവശനിലയിൽ കണ്ട രോഗിയായ യുവാവിനെ സന്നദ്ധ പ്രവർത്തകർ ആശുപത്രിയിലാക്കി. പ്രമേഹം കടുത്ത് അവശനായ കുമ്പംകല്ല് സ്വദേശിയായ 48കാരനെയാണ് ആശുപത്രിയിലാക്കിയത്. ഇയാൾ ജോലിയെടുത്ത് ശേഖരിച്ച് വെച്ച മൂന്നര ലക്ഷം രൂപയും പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ നിന്ന് കണ്ടെത്തി. പൊട്ടിപ്പൊളിഞ്ഞ വീടിന് സമീപമുള്ള കുളിമുറിയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇവിടെ മോഷണ ശ്രമം നടന്നെങ്കിലും നാട്ടുകാർ കണ്ടതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് യുവാവ് അവശ നിലയിലാണെന്ന് ആദ്യം മനസിലാക്കിയത്. തുടർന്ന് വാർഡ് കൗൺസിലർ സാബിറ ജലീലും സാമൂഹികനീതി വകുപ്പിൽ നിന്നുള്ള പാലിയേറ്റീവ് കെയർ പ്രവർത്തകരും ഷിഹാബ് തങ്ങൾ റിലീഫ് സെന്റർ പ്രവർത്തകരും സ്ഥലത്തെത്തി. ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. തുടർന്ന് ഷിഹാബ് റിലീഫ് സെന്റർ പ്രവർത്തകർ ഇയാളെ ആശുപത്രിലാക്കുകയായിരുന്നു. ഷിഹാബ് തങ്ങൾ റിലീഫ് സെന്റർ പ്രവർത്തകരായ എ.എം. ഹാരിദ്, പി.കെ. മൂസ, കെ.എം. നിഷാദ്, സി.കെ. ജാഫർ, കെ.ഐ. ഷാജി, കെ.വി. ഹംസ, എസ്.എം. ഷെറീഫ് തുടങ്ങിയവരാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.