ഇടുക്കി: ജില്ലയിൽ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 10625 ഇരട്ട വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഫെബ്രുവരി 28 വരെയുള്ള കണക്കാണിത്. അതിർത്തി ജില്ലകളിലെ ഇരട്ടവോട്ട് സംബന്ധിച്ച് വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തിൽ നടപടിയെടുക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. പേര് നീക്കം ചെയ്ത പട്ടിക പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകും.സമ്മതിദായകരിലാകെ 4,39,013 പുരുഷന്മാരും 4,49,595 സ്ത്രീകളും നാല് ട്രാൻസ്‌ജെൻഡറും ഉൾപ്പെടും. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയിൽ വോട്ടർമാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. അതിർത്തി ചെക്‌പോസ്റ്റ് അടയ്ക്കാൻ കഴിയില്ലെന്നും സാധുവായ യാത്രാ രേഖയോ തിരഞ്ഞെടുപ്പ് രേഖയുമായോ വരുന്നവരെ ചെക്‌പോസ്റ്റിൽ തടയാൻ പൊലീസിനെ നിയമം അനുവദിക്കുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി കളക്ട്രേറ്റിൽ ചേർന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പറഞ്ഞു. ഇരട്ടവോട്ടും കള്ളവോട്ടും തടയേണ്ടത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു കള്ളവോട്ട് തടയുന്നതിന് ചെക്‌പോസ്റ്റ് അടയ്ക്കണമെന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒഴിവാക്കിയ കണക്ക് മണ്ഡലം തിരിച്ച്
ദേവികുളം- 4529
ഉടുമ്പൻചോല- 439
തൊടുപുഴ- 1545
ഇടുക്കി- 2821
പീരുമേട്- 1291
അവിടെയുമുണ്ട് ഇവിടെയുമുണ്ട്
കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചറിയൽ രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ കൈവശമുള്ളവരാണ് രണ്ടിടത്തും വോട്ടുചെയ്യുന്നത്. പീരുമേട്, ദേവികുളം ഉടുമ്പൻചോല എന്നീ താലൂക്കുകളിലാണ് ഇത്തരത്തിൽ ഇരട്ട വോട്ടർമാർ കൂടുതലായുള്ളത്. തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങിയ അസംബ്ലി മണ്ഡലങ്ങളോടും തേനി ലോക്‌സഭാ മണ്ഡലത്തോടും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ. രേഖകൾ രണ്ടു സംസ്ഥാനങ്ങളിലായതിനാൽ രണ്ടുവോട്ട് ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്.
ഇരട്ടകൾ സർവ്വവ്യാപി
മൂന്നുമുന്നണികൾക്കിടയിലും ഇരട്ടവോട്ടർമാരുണ്ട്. തോട്ടം തൊഴിലാളികളിൽ ഒട്ടുമിക്കവരും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പിൻബലത്തിലുള തൊഴിലാളി യൂണിയനുകളിൽ അംഗങ്ങളായിരിക്കും. ഇതേ രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് തമിഴ്‌നാട്ടിൽ സ്ഥിരം മേൽവിലാസവും വോട്ടേഴ്‌സ് ഐഡിയും ഉള്ലവർക്ക് കേരളത്തിൽ താത്കാലിക മേൽവിലാസത്തിൽ റേഷൻകാർഡും വോട്ടേഴ്‌സ് ഐഡിയും നേടിക്കൊടുക്കുന്നത്. ഇരട്ട വോട്ടർമാർ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കാനും ഇല്ലെങ്കിൽ പേരുചേർക്കാനും പ്രാദേശിക നേതാക്കൾ തന്നെയാണ് മുൻകൈയെടുക്കുന്നത്. ബൂത്ത് ലെവൽ ആഫീസർമാർ ഇടപെട്ട് ഇത്തരം വോട്ടർമാരെ കണ്ടെത്തുന്നുണ്ടെങ്കിലും നേതാക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി ഉൾപ്പെടുത്തുകയാണ് പതിവ്. പാർട്ടികൾ സ്വന്തമായി ചെലവുകൾ വഹിച്ചാണ് ഇരട്ട വോട്ടർമാരെ കൊണ്ടുവരുന്നത്.