തൊടുപുഴ: ഇടുക്കി ജില്ലയിലും പിന്നീട് സംസ്ഥാനത്താകെയും വ്യാപകമാക്കിയ പട്ടയ ഭൂമിയിലെ നിർമ്മാണ നിരോധന ഉത്തരവിന് കാരണം ഹൈക്കോടതിയുടെ ഇടപെടലും വിജിലൻസിന് താൻ നൽകിയ പരാതിയുമാണെന്ന് കള്ളം പറഞ്ഞു രക്ഷപ്പെടാൻ സർക്കാരും ഇടതുനേതാക്കളും ശ്രമിക്കുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പട്ടയവ്യവസ്ഥകൾ ലംഘിച്ചതിന് നടപടി ആവശ്യപ്പെട്ട് താൻ പരാതി നൽകിയതായി തെളിയിക്കാൻ മുൻ എം.പിയടക്കമുള്ള ഇടതു നേതാക്കളെ വെല്ലുവിളിക്കുകയാണ്. കെ.എസ്.ഇ.ബിയുടെ പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ മറവിൽ നടന്ന അഴിമതിയും ക്രമക്കേടും ഭൂമി കൈയേറ്റവും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് 2016ൽ വിജിലൻസ് ഡയറക്ടർക്ക് താൻ പരാതി നൽകിയത്. ഈ പരാതിയിൽ വിജിലൻസ് നൽകിയ അന്വേഷണ റിപ്പോർട്ടിൽ വ്യാജ പട്ടയമാണെന്നുള്ളതിന് നിരവധി തെളിവുകൾ ഉണ്ടായിട്ടും അതൊന്നും പരിശോധിക്കാതെ മുൻ എം.പിയുടെ സഹോദരൻ കൂടി ഉൾപ്പെട്ട ഭൂമി കൈയേറ്റം മറയ്ക്കാനും ഭൂമി സർക്കാർ പിടിച്ചെടുക്കുന്നത് ഒഴിവാക്കാനും പട്ടയം റദ്ദ് ചെയ്യാൻ ശുപാർശ ചെയ്യുകയാണ് ഉണ്ടായത്. 2010ൽ ഹൈക്കോടതിയിൽ വൺ ഏർത്ത് വൺ ലൈഫ് എന്ന സംഘടന നൽകിയ കേസിനെ തുടർന്നുള്ള ഇടക്കാല ഉത്തരവാണ് 2019 ആഗസ്റ്റ് 22 ലെ നിർമ്മാണ നിരോധന ഉത്തരവിന് കാരണമായി സർക്കാർ പറയുന്നത്. ജില്ലയിൽ മൂന്നാറുൾപ്പെടെയുള്ള മേഖലയിൽ അനധികൃതമായി ഭൂമി കൈയേറിയുള്ള നിർമ്മാണങ്ങൾ തടയണമെന്നാണ് ഈ ഹർജിയിലെ ആവശ്യമെന്ന് ഈ ഉത്തരവിൽ തന്നെ പറയുന്നുണ്ട്. പട്ടയവ്യവസ്ഥകൾ ലംഘിച്ചുള്ള നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് പരാതിയോ കേസോ ആരും നൽകിയിട്ടില്ല. മൂന്നാർ, പള്ളിവാസൽ മേഖലകളിൽ അനധികൃത ഭൂമി കൈയേറ്റങ്ങൾ ഇല്ല, പട്ടയ വ്യവസ്ഥകളുടെ ലംഘനമേ നടന്നിട്ടുള്ളൂവെന്ന് വരുത്താനാണ് സർക്കാർ ശ്രമം. ഇതിലൂടെ കൈയേറ്റഭൂമിയിലെ വൻകിടനിർമ്മാണങ്ങൾ ഉടമകൾക്ക് തന്നെ പാട്ടത്തിന് നൽകാനുള്ള ഗൂഡനീക്കമാണ് ഈ വിവാദഉത്തരവിന്റെ മറവിൽ സർക്കാർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹൻ, അക്ബർ ടി.എൽ, എബി മുണ്ടയ്ക്കൽ, അസ്ലം ഓലിക്കൽ എന്നിവർ പങ്കെടുത്തു.