
മൂലമറ്റം : സെന്റ്.ജോസഫ്‌സ് കോളേജ് ടൂറിസം ക്ലബിന്റെ ആഭിമുഖ്യത്തിൽ വിനോദ സഞ്ചാര കേന്ദ്രമായ ഇലപ്പള്ളി വെള്ളച്ചാട്ടവും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. കൊവിഡിന്റെ ഭീതിയും ലോക് ഡൗൺ നിയന്ത്രണങ്ങളും നീങ്ങി തുടങ്ങിയ സാഹചര്യത്തിൽ ഇടുക്കിയിലെ ടൂറിസം മേഖലകളിലേയ്ക്കുള്ള സഞ്ചാരികൾ എത്തിത്തുടങ്ങിയതിനെ തുടർന്ന് ഈ പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്ന പ്ലാസ്റ്റിക്ക് വേസ്റ്റുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സൃഷ്ട്ടിക്കുന്ന പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനായാണ് കോളേജിലെ ടൂറിസം ക്ലബ് അംഗങ്ങളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾനടത്തിയത്. വാഗമണ്ണിലേയ്ക്കുള്ള പ്രവേശന കവാടമായ ഇലപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടത്തിനടുത്ത് സഞ്ചാരികൾ വിശ്രമത്തിനായി സമയം ചിലവഴിക്കുന്നതും ഭക്ഷണം കഴിക്കാനായി ഈ പ്രദേശങ്ങൾ ഉപയോഗപ്പെടുത്തുന്നതുമാണ് ഇവിടെ മാലിന്യങ്ങൾ കുന്നുകുടുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്നത്. മൂലമറ്റം പ്രദേശത്തെ നിരവധിയാളുകൾ പ്രയോജനപ്പെടുത്തുന്ന ജല സ്രോതസ് മലിനമാക്കപ്പെടുന്ന ഈ സാഹചര്യത്തെ തുടർന്നാണ് പ്ലാസ്റ്റിക്ക് വേസ്റ്റ് നിർമാർജനം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ശുചിത്വം എന്നി ലക്ഷ്യങ്ങളെ മുൻ നിർത്തി കോളേജിലെ ടൂറിസം ക്ലബംഗങ്ങൾ ഈ യജ്ഞത്തിന് നേതൃത്വം നൽകിയത് .
പ്രവർത്തനങ്ങൾക്ക് കോളേജ് പ്രിൻസിപ്പാൽ ഡോ.എബി.പി. കോശി, കോളേജ് ബർസാർ ഫാ. ലിബിൻ വലിയ പറമ്പിൽ, ടൂറിസ്സം ക്ലബ് കോ-ഓർഡിനേറ്റർ ഡോ.ശോഭിത സെബാസ്റ്റ്യൻ, അദ്ധ്യാപകരായ ഈശ്വര ശർമ്മ, അമൽ ജെ. അഴകത്ത് , ടോണി തോമസ്, സനു മാത്യു വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.