 രാഹുൽ ഗാന്ധിയും ജെ.പി. നദ്ദയും നാളെ ജില്ലയിൽ

തൊടുപുഴ: തിരഞ്ഞെടുപ്പ് ചൂട് വാനോളമുയർത്താൻ ദേശീയ നേതാക്കളുടെ പട തന്നെ ജില്ലയിലെത്തുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എ.ഐ.സി.സി മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി 27ന് ജില്ലയിൽ പര്യടനം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് പുറ്റടി മൂന്നിന് അടിമാലി വൈകിട്ട് നാലിന് തൊടുപുഴ എന്നീ കേന്ദ്രങ്ങളിലെ പൊതു സമ്മേളനങ്ങളിൽ പങ്കെടുക്കും. രാഹുൽഗാന്ധിയോടൊപ്പം പുറ്റടിയിലെ സമ്മേളനത്തിൽ ഉടുമ്പഞ്ചോലയിലെയും പീരുമേട്ടിലെയും സ്ഥാനാർത്ഥികളായ അഡ്വ. ഇ.എം. ആഗസ്തിയും അഡ്വ. സിറിയക്ക് തോമസും പങ്കെടുക്കും. അടിമാലിയിലെ സമ്മേളനത്തിൽ ദേവികുളത്തെയും ഇടുക്കിയിലെയും സ്ഥാനാർത്ഥികളായ ഡി. കുമാറും കെ. ഫ്രാൻസിസ് ജോർജ്ജും പങ്കെടുക്കും. തൊടുപുഴയിലെ സമ്മേളനത്തിൽ സ്ഥാനാർത്ഥി പി.ജെ. ജോസഫും പങ്കെടുക്കും. ഇതേ ദിവസം തന്നെ വൈകിട്ട് മൂന്നിന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും തൊടുപുഴയിലെത്തും.

ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട് 30ന് ജില്ലയിലെത്തും. രാവിലെ 10ന് അണക്കര, 12ന് തൂക്കുപാലം, മൂന്നിന് കാഞ്ഞാർ, 4.30ന് തൊടുപുഴ എന്നിവടങ്ങളിൽ പൊതുസമ്മേളനങ്ങളിൽ സംസാരിക്കും.