കരിങ്കുന്നം: മൊബൈൽ ടവറുകളിലെ ബാറ്ററി മോഷ്ടിച്ച് കടത്തുന്ന മൂന്നംഗ സംഘത്തെ കരിങ്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കുളം മാറമ്പിള്ളി ചായിക്കേരി വീട്ടിൽ ഷാജി (42), ചൊവ്വര ശ്രീമൂല നഗരം കടവിലാൻ വീട്ടിൽ നിസാർ (40), കിഴക്കുംഭാഗം പാറപ്പുറം കൊല്ലാട്ട് വീട്ടിൽ നസീർ (49) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കരിങ്കുന്നത്തിനു സമീപം വീരൻമലയിലെ മൊബൈൽ ടവറിൽ നിന്ന് ബാറ്ററി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. ഇവർ ഒട്ടേറെ സ്ഥലങ്ങളിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് വീരൻമലയിലെ ടവറിൽ ആദ്യം മോഷണ ശ്രമമുണ്ടാകുന്നത്. ബാറ്ററികളുടെ കണക്ഷൻ വിടുവിച്ച ശേഷം ഇവർ അവിടെ നിന്ന് പോകുകയായിരുന്നു. എന്നാൽ, ഈ സമയം ടവറിന്റെ നിയന്ത്രണമുള്ള ഓഫീസ് മുന്നറിയിപ്പ് സൈറൺ മുഴങ്ങി. ഇതോടെ അധികൃതർ കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. കരിങ്കുന്നം പൊലീസ് സ്ഥലത്തെത്തി കാത്തുകിടന്നു. ഇന്നലെ പുലർച്ചെ രണ്ടരയായപ്പോൾ ഇവർ ബാറ്ററികൾ കൊണ്ടുപോകാനായി തിരികെ വന്നു. ഈ സമയം പോപൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തു.
ഒൻപത് ഇടങ്ങളിൽ ഇവർ സമാന രീതിയിൽ മോഷണം നടത്തിയതായി വ്യക്തമായിട്ടുണ്ട്. കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനായി എല്ലാ പൊലീസ് സ്‌റ്റേഷനിലേക്കും പ്രതികളെകുറിച്ചുള്ള വിവരം കൈമാറി.എസ്‌ഐ കെ.ടി.ഷൈജൻ, എഎസ്‌ഐ. സഞ്ജയ് ബാബു, എസ്‌സിപിഒ അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.