തൊടുപുഴ: നേരം പുലരുന്നതോടെ സ്ഥാനാർത്ഥികളുടെ വീടുകൾ സജീവമാകുന്നു. ഓരോ ദിവസത്തെയും പര്യടനങ്ങളെ സംബന്ധിച്ച് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നിന്നും വിശദമായ നിർദേശങ്ങൾ ലഭിക്കുന്നു. പ്രദേശങ്ങളും സ്വീകരണ കേന്ദ്രങ്ങളും മണ്ഡലം നേതാക്കൾ ധരിപ്പിക്കുന്നു. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥികൾ കയറുന്നതോടെ പ്രചാരണ വാഹനങ്ങൾ നീങ്ങി തുടങ്ങും. പിന്നെ കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾ. സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി എത്തുന്നതിന് മുമ്പേ കർമ്മഭൂമിയിലെ അമരക്കാർ കത്തികയറും. വീണ്ടും ഇമ്പമേറുന്ന തിരഞ്ഞെടുപ്പ് പാരഡി ഗാനങ്ങളുമായി പ്രചാരണ വാഹനം മുന്നോട്ട്. അപ്പോഴേയ്ക്കും സ്ഥാനാർത്ഥി ചുരുങ്ങിയ വാക്കുകളിൽ സ്വീകരണത്തിന് നന്ദി പറഞ്ഞ് അടുത്ത കേന്ദ്രത്തിലേക്ക്. ആൾക്കൂട്ടത്തെ കൈയിലെടുത്തും, ഊഷ്മള വരവേൽപ്പ് ഏറ്റുവാങ്ങി രാത്രിയേറെ വൈകിയാണ് പര്യടനം അവസാനിക്കുന്നത്. തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല, ദേവികുളം, പിരുമേട് മണ്ഡലങ്ങളിൽ നാലാംഘട്ട പ്രചാരണമാണ് നടക്കുന്നത്. സ്ക്വഡുകൾ രൂപീകരിച്ച് ബൂത്ത് തലങ്ങളിൽ വീടുകൾ കയറിയിറങ്ങി ശക്തമായ പ്രചാരണമാണ് മുന്നണികൾ നടത്തുന്നത് .മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള എന്നിവർ അദ്യഘട്ട പ്രചാരണത്തിന് ജില്ലയിലെത്തിയിരുന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ ബേബി, വൃന്ദാ കാരാട്ടും വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും രാഹുൽ ഗാന്ധിയും ഇന്ന് എത്തുന്നതോടെ പ്രചാരണം ഉച്ചസ്ഥായിലാകും.നാളെ സി.പി.ഐ ദേശീയ നേതാവ് ഡി.രാജയും എത്തും

പി.ജെ.ജോസഫ്

തലമുതിർന്ന രാഷ്ട്രീയ നേതാവാണ് കേരള കോൺഗ്രസിന്റെ അമരക്കാരനായ പി.ജെ.ജോസഫ് .പുറപ്പുഴയിലെ കർഷക കുടുംബത്തിൽ ജനിച്ച ജോസഫ് യാദൃശ്ചികമായാണ് കേരള കോൺഗ്രസിൽ അംഗമായതും പൊതുപ്രവർത്തന രംഗത്തിറങ്ങിയതും. നിയമസഭ പ്രവേശനത്തിൽ 50 വർഷം പൂർത്തികരിച്ച് അദ്ദേഹം എ.കെ.ആന്റണി , കെ.കരുണാകരൻ, ഇ.കെ.നായനാർ ,വി.എസ്.അച്ചുതാനന്ദൻ , ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ അംഗമായിരുന്നു. അഭ്യന്തരം, റവന്യു, എക്സൈസ് ,വിദ്യാഭ്യാസം, പൊതുമരാമത്ത്, ഭവനനിർമ്മാണം, രജിസ്ട്രേഷൻ, ജലവിഭവം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കേരള സർവ്വകലശാല സിൻഡിക്കേറ്റ് മെമ്പർ, കേരള യൂത്ത് ഫ്രണ്ട് പ്രസിഡന്റ് , കേരള കോൺഗ്രസ് ചെയർമാൻ, യു.ഡി.എഫ് സ്ഥാപക കൺവീനർ, കേരള കോൺഗ്രസ് നിയമസഭകക്ഷി നേതാവ്, ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോസഫ് ഗാന്ധിജി സ്റ്റഡി സെന്റർ പഠന ഗവേഷണ കേന്ദ്രം സ്ഥാപിച്ചു.

ഡി.കുമാർ

തോട്ടം തൊഴിലാളി കുടുംബത്തിൽ ജനിച്ചു വളർന്ന ഡി.കുമാർ സേവാദൾ മൂന്നാർ ബ്ലോക്ക് ചെയർമാൻ എന്ന നിലയിലാണ് പൊതു പ്രവർത്തകനാകുന്നത്. തുടർന്ന് യുവജന സംഘടനയുടെ അമരക്കാരനായി . പത്ത് വർഷം .യൂത്ത് കോൺഗ്രസ് മൂന്നാർ മണ്ഡലം പ്രസിഡന്റ് സ്ഥാനം വഹിച്ചു. മൂന്നാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് , സൗത്ത് ഇൻഡ്യൻ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ വൈസ് പ്രസിഡൻ്, ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റി പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് , മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ, ജില്ലാ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അഡ്വ.സിറിയക് തോമസ്

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അഡ്വ.സിറിയക് തോമസ് കോൺഗ്രസ് പ്രവർത്തകനാകുന്നത് .ചങ്ങനാശ്ശേരി എസ്.ബി .കോളേജിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി ആണ് തുടക്കം. കോളേജ് യൂണിയൻ മാഗസിൻ എഡിറ്റർ, കേരള ലോ അക്കാദമി കോളേജിൽ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് , കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള സിറിയക് തോമസ് ഡി.സി.സി

ജനറൽ സെക്രട്ടറി, ഹൈറേഞ്ച് പ്ലന്റേഷൻ എംപ്ലോയിസ് യൂണിയൻ പ്രസിഡൻ്, ജില്ലാ ഹെഡ്ലോഡ് ആന്റ് ജനറൽ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് , ജില്ലാ ദേശീയ ഗ്രാമീണ തൊഴിലാളി കോൺഗ്രസ് ജനറൽ സെക്രട്ടറി, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിക്കുന്നു. മുൻ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. തൊടുപുഴ, കട്ടപ്പന, പീരുമേട് കോടതികളിൽ അഭിഭാഷകനായി ജോലി ചെയ്തിട്ടുണ്ട്.

ജി.മുനിയാണ്ടി

ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് ജി.മുനിയാണ്ടി പൊതു പ്രവർത്തന രംഗത്തെത്തുന്നത്. തോട്ടം തൊഴിലാളികളുടെ നേതൃനിരയിലേക്കുള്ള വളർച്ച വേഗത്തിലായിരുന്നു. 1975-ൽ വാഗമൺ എസ്റ്റേറ്റിൽ ഫാക്ടറി സൂപ്പർവൈസർ ആയിരുന്നു. റിട്ടർമെന്റിന് ശേഷം തൊഴിലാളി യൂണിയൻ പ്രവർത്തനത്തിൽ സജീവമായി. തോട്ടം തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി മേഖലാ കൺവീനറായിട്ടാണ് തുടക്കം. കോൺഗ്രസ് മൂന്നാർ മണ്ഡലം പ്രസിഡന്റ്,​ ബ്ലോക്ക് പ്രസിഡന്റ് , ജില്ലാ ബാങ്ക് മുൻ എക്സിക്യുട്ടിവ് ഡയറക്ടർ, യു.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം കൺവീനർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മുനിയാണ്ടി ഡി.സി.സി.ജനറൽ സെക്രട്ടറി, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി, സൗത്ത് ഇൻഡ്യൻ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ (ഐ .എൻ.ടി.യു.സി) ജനറൽ സെക്രട്ടറി, ദേവികുളം താലൂക്ക് പ്ലന്റേഷൻ വർക്കേഴ്സ് കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഹോണറി സെക്രട്ടറി. യു.ഡി.എഫ്.ദേവികുളം ഇലക്ഷൻ കമ്മിറ്റി ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.