തൊടുപുഴ: പ്രചാരണചൂടാണോ വേനൽ ചൂടാണോ കൂടുതലെന്ന് ചോദിച്ചാൽ സ്ഥാനാർത്ഥികളും പാർട്ടിക്കാരും ഒരുപോലെ പറയും, അത് ചുട്ടുപൊള്ളുന്ന ഈ വേനൽ ചൂടാണെന്ന്. തീയിൽ കുരുത്ത താൻ വെയിലത്ത് വാടില്ലെന്ന മട്ടിൽ പ്രചരണത്തിന്റെ ആദ്യദിനങ്ങളിൽ നടന്നവർ പോലും കടുത്ത ചൂടും പൊള്ളുന്ന വെയിലും തന്നെയാണ് പ്രചാരണ രംഗത്തിറങ്ങുന്നവരുടെ മുഖ്യതലവേദനയെന്ന് ഇപ്പോൾ സമ്മതിക്കും. മുമ്പെങ്ങുമില്ലാത്ത വിധം ഹൈറേഞ്ച്, ലോറേഞ്ച് വ്യത്യാസമില്ലാതെ അന്തരീക്ഷ താപനില ഉയരുകയാണ്. കടുത്ത വേനലിൽ വോട്ടു തേടിയിറങ്ങുന്ന സ്ഥാനാർത്ഥികളും പ്രവർത്തകരും വെള്ളം കുടിച്ച് മടുക്കുകയാണ്. വേനൽ മഴ കനിഞ്ഞില്ലെങ്കിൽ തിരഞ്ഞെടുപ്പ് ആരവം അവസാനിക്കുന്നതോടെ വലഞ്ഞുപോകുമെന്ന് മുന്നണി വ്യത്യാസമില്ലാതെ എല്ലാവരും സമ്മതിക്കും. ചിലയിടങ്ങളിൽ മഴ പേരിന് പെയ്യുന്നുണ്ടെങ്കിലും ഇത് ചൂട് കാര്യമായി കുറയ്ക്കുന്നില്ല. വരുംദിവസങ്ങളിൽ പ്രചാരണ രംഗത്ത് ഈർജ സ്വലരായി എങ്ങനെ പിടിച്ചു നിൽക്കുമെന്ന ചിന്തയിലാണ് ഇവർ. രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ പുറത്തിറങ്ങി വോട്ട് തേടുകയെന്നത് അതി സാഹസികമാണെന്ന് പ്രവർത്തകർ പറയുന്നു. ചൂട് കൂടിയതോടെ പ്രചാരണത്തിനിറങ്ങാൻ പ്രവർത്തകരെ ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. തുടർന്ന് പ്രചാരണ പരിപാടിയുള്ള സ്ഥലങ്ങളിൽ വൈകിട്ട് കുടുംബയോഗങ്ങൾ കൂടി വിളിച്ചാണ് അധികൃതർ പ്രശ്‌ന പരിഹാരം തേടുന്നത്. ബൂത്തിലേക്ക് എത്താൻ ഇനിയും ദിവസങ്ങൾ ശേഷിക്കേ വേനൽ ചൂടിന്റെ കാഠിന്യം തത്കാലം മാറ്റിവെച്ചാണ് പ്രചാരണം.
വെള്ളം തന്നെ രക്ഷ
സംഭാരം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം ഇവയാണ് സ്ഥാനാർത്ഥികളുടെയും പ്രവർത്തകരുടെയും ഏക ആശ്വാസം. ലിറ്റർ കണക്കിന് കുപ്പിവെള്ളം സ്ഥാനാർത്ഥിയുടെ വാഹനങ്ങളിൽ സൂക്ഷിക്കുന്നവരുമുണ്ട്. പല വീടുകളിലും എത്തി പ്രവർത്തകർ വെള്ളം ചോദിച്ച് വാങ്ങി കുടിക്കുന്ന സാഹചര്യവുമുണ്ട്. അതത് പ്രദേശങ്ങളിലെ പാർട്ടി പ്രവർത്തകരുടെ വീട്ടിൽ മുൻ വർഷങ്ങളിൽ ഭക്ഷണമാണ് തയ്യാറാക്കിയിരുന്നെങ്കിൽ ചൂടിനെ തുടർന്ന് ഭക്ഷണം കുറച്ച് തണ്ണിമത്തൻ, വിവിധ തരം ജ്യൂസുകൾ ഒക്കെയാണ് സ്ഥാനാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഏതു വീട്ടിലെത്തിയാലും പാർട്ടിയൊന്നും നോക്കാതെ കുടിക്കാൻ വെള്ളവും സംഭാരവുമൊക്കെ ലഭിക്കുന്നുണ്ടെന്ന് സ്ഥാനാർത്ഥികളും സമ്മതിക്കുന്നു.