തൊടുപുഴ: എൻ.ഡി.എ തൊടുപുഴ നിയോജകമണ്ഡലം സ്ഥാനാർത്ഥി പി. ശ്യാംരാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബി.ജെ.പി ദേശീയാദ്ധ്യക്ഷൻ ജെ.പി. നദ്ദ നാളെ തൊടുപുഴയിലെത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എസ്. അജി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ ഒരുക്കുന്ന ഹെലിപ്പാടിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് എത്തും. അവിടെ നിന്ന് കാർ മാർഗം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലെത്തും. തുടർന്ന് റോഡ് ഷോയായി ഭീമ ജംഗ്ഷൻ- ബി.എസ്.എൻ.എൽ ജംഗ്ഷൻ വഴി യോഗ സ്ഥലമായ പഴയ ബസ് സ്റ്റാൻഡ് മൈതാനിയിൽ എത്തിച്ചേരും. തുടർന്ന് മൂന്നിന് തൊടുപുഴ പഴയ ബസ് സ്റ്റാൻഡ് മൈതാനിയിൽ നദ്ദ പ്രസംഗിക്കും. പതിനായിരത്തോളം പേരെ യോഗത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള പ്രർത്തനങ്ങളാണ് നടക്കുന്നത്. വരും ദിവസങ്ങളിൽ യുവമോർച്ച ദേശീയാധ്യക്ഷൻ തേജസ്വി സൂര്യ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, സിനിമാ താരം കൂടിയായ ഖുഷ്ബു, രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, പൂനം മഹാജൻ എം.പി. എന്നിവരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ശ്യാംരാജിന്റെ ജയം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പാർട്ടി പ്രവർത്തകർ ഒന്നടങ്കം നടത്തുന്നതെന്നും കെ.എസ്. അജി പറഞ്ഞു. സംസ്ഥാന സമിതിയംഗം പി.എ. വേലുക്കുട്ടൻ, നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ജയചന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ശ്യാംരാജിന് വീട് നിർമിച്ച് നൽകും
എൻ.ഡി.എ സ്ഥാനാർത്ഥി പി. ശ്യാംരാജിന് സന്നദ്ധസംഘടനകളുടെ സഹായത്തോടെ ബി.ജെ.പി ജില്ലാ കമ്മിറ്റി പുതിയ വീട് നിർമിച്ചുനൽകുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പറഞ്ഞു. മുള്ളരിങ്ങാടുള്ള ശ്യാംരാജിന്റെ വീടിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നേരത്തെ വാർത്തകൾ വന്നിരുന്നു.