
മുട്ടം: വർഷങ്ങളായി പ്രവർത്തന രഹിയമായിരുന്ന മാത്തപ്പാറ പമ്പ് ഹൗസിലെ മോട്ടോർ സ്ഥാപിക്കുന്ന പ്രവർത്തികൾ ആരംഭിച്ചു. കാളിയാറ്റിൽ നിന്ന് എത്തിച്ച മോട്ടോറാണ് ഇവിടെ സ്ഥാപിക്കുന്നത്. മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന മാത്തപ്പാറ പമ്പ് ഹൗസിലെ രണ്ട് മോട്ടോറുകളിൽ ഒന്ന് ഏറെക്കാലമായി പ്രവർത്തന രഹിതമാണ്. പ്രവർത്തിച്ച് വന്നിരുന്ന മറ്റൊരു മോട്ടോർ ലോഡ് കൂടുന്നതിനെ തുടർന്ന് പതിവായി കേടാകുന്ന അവസ്ഥയുമായിരുന്നു. ഇതേ തുടർന്ന് രണ്ട് പഞ്ചായത്തുകളിലും അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് വർഷങ്ങളായി നിലനിന്നിരുന്നതും. ജനങ്ങളും, വിവിധ സംഘടനകളും കുടിവെള്ളം കിട്ടാത്തതിനെ തുടർന്ന് തെരുവിലും അധികൃതരുടെ മുന്നിലും നിരന്തര സമരത്തിലുമായിരുന്നു. പ്രശ്ന പരിഹാരത്തിന് പ്രദേശവാസികളും പഞ്ചായത്ത് അധികൃതരും എം പി, എം എൽ എ, മനുഷ്യാവകാശ കമ്മീഷൻ, ലീഗൽ സർവീസസ് അതോറിറ്റി, വാട്ടർ അതോറിറ്റി എം ഡി എന്നിങ്ങനെയുള്ളവർക്ക് പരാതികളും നൽകിയിരുന്നു. ഇതേ തുടർന്ന് താല്ക്കാലിക സംവിധാനമായി കാളിയാറ്റിൽ നിന്ന് അഡീഷ്ണൽ മോട്ടോർ സ്ഥാപിക്കാൻ തീരുമാനിച്ചത്. അഡീഷ്ണൽ മോട്ടോർ സ്ഥാപിക്കുന്ന പണികൾ ഇന്നലെ ആരംഭിച്ചു. രണ്ട് ദിവസത്തിനകം പൂർത്തികരിക്കും. കേടായ മോട്ടോർ പൂർണ്ണമായും മാറ്റി പുതിയത് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായി വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.