മുട്ടം: ഇല്ലിചാരി തോണിക്കുഴി പ്രദേശത്തുള്ള വിവാദ ഗേറ്റ് തുറന്നിടുന്നതുമായി ബന്ധപ്പെട്ട് തൊടുപുഴ തഹസീൽദാർ ജോസുകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലും തീരുമാനമായില്ല. ഇന്നലെ രാവിലെ 11 ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ തഹസീൽദാറുടെ ചേംബറിലായിരുന്നു ചർച്ച. അഡീഷ്ണൽ തഹസീൽദാർ ചന്ദ്രൻ പിള്ള, മുട്ടം സി ഐ വി ശിവകുമാർ, സമര സമിതി നേതാക്കളായ റോബിൻ ജോബ്, പ്രെയിസ് പി ജെ, കെ എസ് സജീവൻ കാവും കണ്ടത്തിൽ, രാജു തങ്കപ്പൻ, മലങ്കര കമ്പനി മാനേജർ റോയ് ജോൺ, അസി: മാനേജർ ഡിറ്റോ തോമസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ച സംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് നൽകുമെന്ന് തഹസീൽദാർ പറഞ്ഞു. തോണിക്കുഴി പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് മലങ്കര കമ്പനി സ്ഥാപിച്ച ഗേറ്റ് ഭീം ആർമി പ്രവർത്തകർ തകർത്തിരുന്നു. ഗേറ്റ് കമ്പനി പുനസ്ഥാപിച്ചത് ഭീം ആർമി പ്രവർത്തകർ പിറ്റേന്ന് വീണ്ടും തകർത്തു. പ്രശ്ന പരിഹാരത്തിന് സമരക്കാരേയും മലങ്കര കമ്പനി മാനേജ്മെന്റിനേയും വിളിപ്പിച്ച് മുട്ടം പൊലീസ് ഒന്നിലേറെ പ്രാവശ്യം ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതേ തുടന്ന് ചൊവ്വാഴ്ച്ച സമരക്കാർ മലങ്കര കമ്പനി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഭീം ആർമി പ്രവർത്തകർ പെട്രോൾ ദേഹത്ത് ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തി. പിന്നീട് സമരക്കാർ വിവാദ ഗേറ്റിലേക്ക് വില്ല് വണ്ടി യാത്രയും നടത്തിയിരുന്നു.