കട്ടപ്പന: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കട്ടപ്പന നഗരസഭ പ്രദേശത്തെ ഓടകൾ വൃത്തിയാക്കി തുടങ്ങി. മഴവെള്ളം ഒഴുകി പോകുന്നതിന് ക്രമീകരിച്ചിട്ടുള്ള ഓടകളിൽ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മലിനജലം ഒഴുക്കി വിടുന്നതിനാലും ഓടകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനാലും കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിനുള്ള സാഹചര്യവും ദുർഗന്ധവും അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം ഓടകൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നത്. ജെ.സി.ബി എത്തിച്ച് ഓടകൾ വൃത്തിയാക്കുവാൻ പരിമിതികൾ ഉളള പ്രദേശങ്ങളിൽ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികളാണ് ജോലികൾ നിർവ്വഹിക്കുന്നത്.
കൊവിഡ് 19 നടപടികളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടന്നിരുന്ന കാലത്ത് ടൗണിലെ ജനത്തിരക്കും, നിരത്തിലെ വാഹനങ്ങളുടെ എണ്ണവും കുറവായിരുന്നു. ഇക്കാലത്ത് ഓടകളിലെ മലിനജല നിക്ഷേപവും, ഖരമാലിന്യ നിക്ഷേപവും വളരെ കുറവായിരുന്നു. ജനജീവിതം സാധാരണ നിലയിലേയ്ക്ക് എത്തിയതോടെ വീണ്ടും ഓടകളിൽ മാലിന്യം കൂടുതലായി എത്തിത്തുടങ്ങി. മഴവെള്ളം ഒഴുകി പോകുന്നതിനായി നിർമ്മിച്ചിട്ടുള്ള ഓടകളിൽ മാലിന്യമെത്തുന്നത് സമീപത്തെ കുടിവെള്ള സ്രോതസുകളും കട്ടപ്പനയാറും മലിനപ്പെടുന്നതിന് ഇടയാകും. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും, വീടുകളിൽ നിന്നും ഓടകളിലേയ്ക്കും, കൈത്തോടുകളിലേയ്ക്കുമുള്ള മലിനജല കുഴലുകൾ നീക്കം ചെയ്യുന്നതിന് സ്ഥാപിച്ചവർ സ്വമേധയാ തയ്യാറാകണമെന്ന് നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി. പി. ജോൺ അഭ്യർത്ഥിച്ചു. മഴവെള്ളം ഒഴുകുന്നതിനുള്ള ഓടകളിലേയ്ക്കുള്ള ഖരദ്രവ മാലിന്യ നിക്ഷേപങ്ങൾ ഒഴിവാക്കുന്നതിന് റസിഡന്റ്‌സ് അസോസിയേഷനുകൾ , സന്നദ്ധ സംഘടനകൾ, വ്യാപാരിവ്യവസായി സംഘടനകൾ, പൊതു പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണമുണ്ടാകണമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജുവാൻ ഡി മേരി, വിനേഷ് ജേക്കബ്ബ്, ബിബിൻ തോമസ് എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്.