ആവേശത്തിരയിളക്കാൻ
രാഹുലും നന്ദയും ഇന്നെത്തും
തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇടുക്കി ഇന്ന് ദേശീയ ശ്രദ്ധാകേന്ദ്രമാകും. കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ബി. ജെ. പി ദേശീയ അദ്ധ്യക്ഷൻ ജെ. പി നന്ദയും ഇന്ന് ജില്ലയിൽ പ്രവർത്തകരെ ആവേശം കൊള്ളിച്ച് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. രണ്ട് നേതാക്കളും എത്തുമ്പോൾ യു. ഡി. എഫിന്റെയും എൻ. ഡി. എയുടെയും തലമുതിർന്ന നേതാക്കളും അനുഗമിക്കുമെന്നതിനാൽ ജില്ല ഇന്ന് നേതാക്കളെക്കൊണ്ട് സമ്പന്നമാകും.അതുകൊണ്ട്തന്നെ ഇതുവരെ ഇരു മുന്നണികളും നടത്തിയിട്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങളും ആവിഷ്ക്കരിക്കേണ്ട തന്ത്രങ്ങളും ജില്ലാ നേതാക്കളുമായി സംസ്ഥാനതല നേതാക്കൾ സമുന്നത നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ചർച്ചകളും നടത്തും. ഇതുവരെ നടത്തിപ്പോന്ന പ്രചരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള വേദികളായി ദേശീയ നേതാക്കളുടെ സന്ദർശനം മാറും.
രാഹുൽഗാന്ധിക്ക്
തിരക്കിട്ട പ്രോഗ്രാമുകൾ
ജില്ലയിലെ യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകർന്ന് രാഹുൽ ഗാന്ധി എരുമേലിയിലെ പ്രചാരണ പരിപാടിക്ക് ശേഷമാകും ഇടുക്കിയിലേക്കെത്തുക. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി ഉടുമ്പൻചോല മണ്ഡലത്തിലെ പുറ്റടിയിലും ദേവികുളം നിയോജമണ്ഡലത്തിലെ അടിമാലിയിലും തൊടുപുഴയിലുമാകും രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുക. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് രാഹുൽഗാന്ധിയോടൊപ്പം പുറ്റടിയിലെ സമ്മേളനത്തിൽ ഉടുമ്പഞ്ചോലയിലെയും പീരുമേട്ടിലെയും സ്ഥാനാർത്ഥികളായ അഡ്വ. ഇ.എം. ആഗസ്തിയും അഡ്വ. സിറിയക്ക് തോമസും പങ്കെടുക്കും. തുടർന്ന് നാലു മണിക്ക് അടിമാലിയിലെ സമ്മേളനത്തിൽ ദേവികുളത്തെയും ഇടുക്കിയിലെയും സ്ഥാനാർത്ഥികളായ ഡി. കുമാറും കെ. ഫ്രാൻസിസ് ജോർജ്ജും പങ്കെടുക്കും. അഞ്ചു മണിക്ക് തൊടുപുഴയിലെ സമ്മേളനത്തിൽ സ്ഥാനാർത്ഥി പി.ജെ. ജോസഫും പങ്കെടുക്കും.
അണക്കരയിലെ മൗണ്ട്‌ഫോർട്ട് സൂകൂൾ ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങിയെ ശേഷം പുറ്റടി നെഹൃുമെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിലെ സമ്മേളന നഗരിയിലും അടിമാലി ആനച്ചാലിലെ പനോരെമിക്ക് ഹെലിപാഡിൽ ഇറങ്ങിയ ശേഷം അടിമാലി വിശ്വദീപ്തി സ്‌കൂൾ ഗ്രൗണ്ടിലെ സമ്മേളന നഗരിയിലും മുതലക്കുടം സെന്റ് ജോർജ്ജ് സ്‌കൂൾ ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങിയ ശേഷം തൊടുപുഴ ഗവൺമെന്റ് ബോയിസ് ഹൈസ്‌കൂൾ ഗ്രൗണ്ടിലെ സമ്മേളന നഗരയിലും രാഹുൽഗാന്ധി എത്തി ചേരുമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും അറിയിച്ചു.
ജെ. പി. നന്ദ
തൊടുപുഴയിൽ പങ്കെടുക്കും
എൻഡിഎ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണാർത്ഥം ബിജെപി ദേശീയദ്ധ്യക്ഷൻ ജെ.പി. നദ്ദ ഇന്ന് തൊടുപുഴയിലെത്തും. ന്യൂമാൻ കോളേജ് ഗ്രൗണ്ടിലൊരുക്കുന്ന ഹെലിപാഡിൽ 3 മണിക്കിറങ്ങുന്ന അദ്ദേഹം അവിടെ നിന്ന് കാർ മാർഗം സമ്മേളന വേദിയായ പഴയ ബസ് സ്റ്റാന്റ് മൈതാനിയിൽ സംസാരിക്കും. ഹെലിപാഡിൽ സംസ്ഥാനജില്ലാ നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കും. 2 മണിക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിൽ നിന്നാരുഭിക്കുന്ന റോഡ്‌ഷോ, ഭീമ ജങ്ഷൻ വഴി ബസ് സ്റ്റാന്റ് മൈതാനിയിലേക്ക് പ്രവേശിക്കും.
പൊതു സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അദ്ധ്യക്ഷനാകും. സംസ്ഥാന സമിതിയംഗങ്ങളായ പി.എ. വേലുക്കുട്ടൻ, പി.പി. സാനു, ബിനു ജെ കൈമൾ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എൻ. സുരേഷ്, സന്തോഷ് കുമാർ, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി പി.രാജൻ, ജില്ലാ പ്രസിഡന്റ് വി ജയേഷ്, പാർത്ഥേശ്വരൻ, ഡോ. സോമൻ, തൊടുപുഴ സ്ഥാനാർത്ഥി പി. ശ്യാംരാജ്, ഇടുക്കി സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ , പീരുമേട് സ്ഥാനാർത്ഥി ശ്രീനഗരി രാജൻ, ഉടുമ്പൻചോല സ്ഥാനാർത്ഥി സന്തോഷ് മാധവൻ, ദേവികുളം സ്ഥാനാർത്ഥി എസ്. ഗണേശൻ, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാജ് വണ്ണപ്പുറം, മേഖലാ സെക്രട്ടറി ജെ. ജയകുമാർ, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, എഐഎഡിഎംകെ സംസ്ഥാന സെക്രട്ടറി ശോഭൻ കുമാർ, ജില്ലാ സെക്രട്ടറി സിപ്രോയൽ എന്നിവർ സംസാരിക്കും.
രമേശ് ചെന്നിത്തല, ഡി. രാജ, വൃന്ദാ കരാട്ട്,സ്മൃതി ഇറാനി....
വരും ദിവസങ്ങളിൽ വിവിധ മുന്നണികളിലെ നേതാക്കളുടെ കുത്തൊഴുക്കായിരിക്കും ജില്ലയിലേയ്ക്കുണ്ടാവുക. സി. പി. ഐ ജനറൽ സെക്രട്ടറി ഡി. രാജ നാളെ ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ പങ്കെടുക്കും. സി. പി. എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കരാട്ട് 30ന് ജില്ലയിലെത്തും. രാവിലെ 10ന് അണക്കര, 12ന് തൂക്കുപാലം, മൂന്നിന് കാഞ്ഞാർ, 4.30ന് തൊടുപുഴ എന്നിവടങ്ങളിൽ പൊതുസമ്മേളനങ്ങളിൽ സംസാരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജില്ലാ പര്യടനം രണ്ട് വട്ടം മാറ്റിവച്ചു. പുതിയ തിയതി ഉടൻ പ്രഖ്യാപിക്കും. ബി. ജെ. പി നേതാക്കളായ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, യുവമോർച്ച ദേശീയാദ്ധ്യക്ഷൻ തേജസ്വി സൂര്യ, സിനിമാ താരം കൂടിയായ ഖുഷ്ബു, രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, പൂനം മഹാജൻ എം.പി. എന്നിവരും അടുത്ത ദിവസങ്ങളിൽ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.